Site iconSite icon Janayugom Online

ഡ്യൂട്ടി സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു യൂണിഫോം നിര്‍ബന്ധം: ഹൈക്കോടതി

ഡ്യൂട്ടി സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കാന്‍ പൊലീസ് മേധാവിക്കു കോടതി നിര്‍ദേശം നല്‍കി.യൂണിഫോമില്‍ അല്ലാത്ത ഉദ്യോഗസ്ഥന്‍ കാറില്‍ സ്റ്റിക്കര്‍ പതിച്ചതു ചോദ്യം ചെയ്തതിന്റെ പേരില്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്ത കേസിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ വരാന്‍ കോടതിക്കു തന്നെ പലവട്ടം പൊലീസുകാരോടു ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും കോടതി സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു.ചട്ടം അനുവദിക്കുന്ന പ്രത്യേക അവസരങ്ങളില്‍ അല്ലാതെ എല്ലായ്‌പോഴും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കണം. നാലു മാസത്തിനകം നടപടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

പൊലീസുകാരെ പെട്ടെന്നു തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാണ് യൂണിഫോം. കുറ്റകൃത്യങ്ങള്‍ തടയാനും പൗരന്മാര്‍ക്കു സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട ആളാണ് അതെന്നു ജനങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ അറിയാനാവും. അതിന് നിഷേധിക്കാനാവാത്ത പ്രതീകാത്മക മൂല്യമുണ്ടെന്ന് കോടതി പറഞ്ഞു.നോ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ടതിന് നിയമ നടപടി നേരിടുന്നയാളാണ് ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്. പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന്റെ പേരിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ENGLISH SUMMARY; High Court says ‚it is Manda­to­ry uni­form for police offi­cers on duty
YOU MAY ALSO LIKE THIS VIDEO;

YouTube video player
Exit mobile version