തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണത്താല്‍ വിരമിച്ച ജീവനക്കാര്‍ക്കു ഗ്രാറ്റുവിറ്റി നിഷേധിക്കാനോ വൈകിക്കാനോ സാധിക്കില്ലെന്നു ഹൈക്കോടതി. തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നല്‍കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി.
വൈകി നല്‍കിയ അപേക്ഷ അനുവദിച്ച് ഗ്രാറ്റുവിറ്റി വിതരണം ചെയ്യാന്‍ കോട്ടയത്തെ ഡപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടതിനെതിരെ നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. അപേക്ഷ വൈകിയെന്നും മതിയായ കാരണമില്ലാതെ ഗ്രാറ്റുവിറ്റി നിയന്ത്രണ അധികാരി അതു വകവച്ചു നല്‍കിയെന്നും പറഞ്ഞ് ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി.
വിരമിക്കുന്നതോ പിരിച്ചു വിടുന്നതോ ആയ ജീവനക്കാരനു ഗ്രാറ്റുവിറ്റി നല്‍കണമെന്നു ഗ്രാറ്റുവിറ്റി നിയമത്തിലെ 7 (2) വകുപ്പനുസരിച്ച് വ്യവസ്ഥയുണ്ട്.അപേക്ഷിക്കാനുള്ള സമയപരിധി അതിനു ബാധകമല്ല. അപേക്ഷ ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി തിട്ടപ്പെടുത്തി നല്‍കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നുള്ള ‘കേരള സംസ്ഥാന സഹകരണ ബാങ്ക് കേസി‘ലെ വിധി കോടതി ചൂണ്ടിക്കാട്ടി.സാമ്പത്തിക സ്ഥിതി മോശമാണെന്നു കമ്പനി വാദിച്ചു. സ്ഥാപനത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കു പ്രയോജനകരമായ ഒരു നിയമത്തിന്റെ ഘടന മാറ്റിമറിക്കാനാവില്ലെന്നു കോടതി പറഞ്ഞു. കമ്പനിയില്‍ നിന്ന് 2019 ല്‍ വിരമിച്ച ഏതാനും ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണ അധികാരിയായ ഡപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. അപേക്ഷ നല്‍കാന്‍ വൈകിയതു വകവച്ചു നല്‍കിക്കൊണ്ട് ഗ്രാറ്റുവിറ്റി തുക നല്‍കണമെന്ന് ഉത്തരവിട്ടതു ചോദ്യം ചെയ്താണു ഹര്‍ജി.
ENGLISH SUMMARY;High Court Says, Retired employees should be given gratuity
YOU MAY ALSO LIKE THIS VIDEO;