ദാമ്പത്യ തര്‍ക്കങ്ങള്‍ ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ യുവാവിന്റെ മരണത്തില്‍ ഭാര്യക്കും മാതാപിതാക്കള്‍ക്കുമെതിരായ കേസ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസ് സമീർ ജെയിനിന്റെ ഉത്തരവ്. ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടര്‍ന്ന് മകൻ ആത്മഹത്യ ചെയ്തെന്നാരോപിച്ച് യുവാവിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2022ലാണ് യുവാവ് അത്മഹത്യ ചെയ്യുന്നത്. 2023 ല്‍ കുറ്റപത്രം സമർപ്പിക്കുകയും കുറ്റക്കാരെന്ന കണ്ടെത്തലില്‍ യുവതിയുടെയും മാതാപിതാക്കളുടെയും വിടുതൽ ഹർജി ഔറയ്യ സെഷൻസ് കോടതി തള്ളുകയുമായിരുന്നു. ഇതിനെതിരെ യുവതിയും കുടുംബവും അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആത്മഹത്യ ചെയ്യാൻ യുവതിയുടെ വീട്ടുകാര്‍ പറഞ്ഞതായും ഇതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ കുടുംബകലഹങ്ങൾ ദാമ്പത്യ ജീവിതത്തിൽ സാധാരണമാണെന്നും തര്‍ക്കത്തിനിടയില്‍ പറയുന്ന വാക്കുകള്‍ മനപ്പൂര്‍വം പറയുന്നതായിരിക്കില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച ഹൈക്കോടതി രചന ദേവിയുടെയും മാതാപിതാക്കളുടെയും വിടുതൽ അപേക്ഷ ശരിയായി വിശകലനം ചെയ്യാതെയാണ് വിചാരണ കോടതി തള്ളിയതെന്ന് വിലയിരുത്തി. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 306 പ്രകാരം പതിവ് ദാമ്പത്യ തര്‍ക്കങ്ങളും ആകസ്മിക പരാമര്‍ശങ്ങളും ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്നും കോടതി വിധിച്ചു.

