Site iconSite icon Janayugom Online

തെളിവു നിയമത്തിലെ 122–ാം വകുപ്പ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

ഇന്ത്യൻ തെളിവു നിയമത്തിലെ 122–ാം വകുപ്പ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. വിവാഹ ബന്ധത്തിലുള്ളവർ ജീവിത പങ്കാളിയോടു പറയുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കരുതെന്ന് വ്യക്തമാക്കുന്നതാണ് തെളിവു നിയമത്തിലെ 122–ാം വകുപ്പ്. മാറിയ സാമൂഹിക സാഹചര്യത്തിൽ, ഭാര്യാ ഭർതൃ ബന്ധത്തിൽ പരസ്പരമുള്ള ആശയ വിനിമയത്തിന് പ്രത്യേക പരിരക്ഷ നൽകുന്ന നിയമം തുടരേണ്ടതുണ്ടോയെന്നാണ് കോടതി ചോദിച്ചത്.
തെളിവു നിയമത്തിലെ 122–ാം വകുപ്പ് തുടരണോ എന്നു പരിശോധിക്കാൻ കേന്ദ്ര നിയമ മന്ത്രാലയത്തിനും ലോ കമ്മിഷൻ ഓഫ് ഇന്ത്യ മെമ്പർ സെക്രട്ടറിക്കും വിധിന്യായം അയച്ചു നൽകാൻ ഹൈക്കോടതി രജിസ്ട്രിയെ ചുമതലപ്പെടുത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യാപാരി നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

ജീവിത പങ്കാളിയെ ബാധിക്കുന്നതായാലും കുറ്റകൃത്യത്തെക്കുറിച്ച് അറിയുന്ന സത്യം കോടതിയെ അറിയിക്കുന്നതാണോ, നിയമത്തിന്റെ പിന്തുണയിൽ സത്യം മറച്ചുവച്ച് കുടുംബ സമാധാനം സംരക്ഷിക്കുന്നതാണോ പ്രധാനം എന്നു പരിശോധിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിവാഹിതർ പരസ്പര വിശ്വാസത്തിൽ പങ്കുവയ്ക്കുന്ന കാര്യങ്ങൾ പവിത്രമാണെന്ന സങ്കൽപമാണ് ഈ വകുപ്പിന് ആധാരം. ഇംഗ്ലണ്ടിലെ കമ്മിഷൻ ഓഫ് കോമൺ ലോ പ്രൊസീജ്യർ 1853ൽ നൽകിയ റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നതു കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ മാറിയ കാലത്ത്, പൊതു സമൂഹത്തിന് എതിരെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ പുറത്തു കൊണ്ടു വരുന്നതിലും പ്രധാനം പ്രതിയുടെ കുടുംബ സമാധാനമാണോ എന്നു ചിന്തിക്കണം. കുറ്റകൃത്യത്തിന്റെ ഫലം അനുഭവിക്കുന്നവർക്കും കുടുംബമുണ്ട്. പ്രതിയുടെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും സംരക്ഷിക്കാൻ നീതി അട്ടിമറിക്കപ്പെടുന്ന സാഹചര്യം ശരിയാണോ എന്നു കോടതി ചോദിച്ചു. അതേസമയം, പങ്കാളി അനുമതി നൽകുകയോ, ദമ്പതികളിൽ ഒരാൾ മറ്റൊരാൾക്കെതിരെ കേസ് നൽകുകയോ, ഒരാൾക്കെതിരെ ചെയ്ത കുറ്റത്തിനു മറ്റേയാൾ പ്രോസിക്യൂഷൻ നേരിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ 122–ാം വകുപ്പ് നിയമത്തില്‍ ഇളവുണ്ട്.

സംഭവത്തിന്റെ തലേന്ന്, ഫോൺ സംഭാഷണത്തിന്റെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടായതായി പ്രതി റഷീദിന്റെ ഭാര്യ മൊഴി നൽകിയിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതിൽ വ്യക്തമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തെളിവു നിയമം 122–ാം വകുപ്പ് പ്രകാരം ഭാര്യയുടെ മൊഴി ഭർത്താവിനെതിരെ തെളിവായി എടുക്കാനാവില്ലെന്നു പറഞ്ഞ് പ്രതിഭാഗം എതിർത്തു. നിയമ വ്യവസ്ഥ വിലയിരുത്തിയ കോടതി, കൊലയുടെ കാരണം സ്ഥാപിക്കാൻ ഈ മൊഴി പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.

Eng­lish Summary:High Court seeks review of Sec­tion 122 of the Evi­dence Act
You may also like this video

Exit mobile version