ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അധ്യാപക പരിശീലന മാന്വല്‍ പിന്‍വലിച്ചതിന് എന്‍സിഇആര്‍ടിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മാന്വൽ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അത് നീക്കം ചെയ്തതിൽ കോടതി അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ചു. നടപടിയെ ദൗര്‍ഭാഗ്യകരം എന്നാണ് കോടതി വിശേഷിപ്പിച്ചത്. തീര്‍ത്തും ആലോചനയില്ലാതെ നടത്തിയ നടപടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. മാന്വലിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ എതിര്‍പ്പ് ഉയരുകയും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ പരാതി ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എന്‍സിഇആര്‍ടി വെബ്സൈറ്റില്‍ നിന്നും മാന്വൽ നീക്കം ചെയ്തത്.
എന്‍സിഇആര്‍ടി ജെന്‍ഡര്‍ സ്റ്റഡീസ് പ്രൊഫസറും മുന്‍ വകുപ്പ് മേധാവിയുമായ പൂനം അഗര്‍വാളിന്റെ നേതൃത്വത്തില്‍ നിരവധി പ്രഗത്ഭവ്യക്തികള്‍ ചേര്‍ന്നാണ് ‘ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാർത്ഥികളെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തല്‍: ആശങ്കകളും മാര്‍ഗരേഖയും’ എന്ന പേരിലുള്ള മാന്വൽ തയാറാക്കിയത്. ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പെടെ ഭിന്ന ലൈംഗികതയുള്ളവരോട് സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടില്‍ നിന്ന് അധ്യാപകരെയും അതുവഴി പുതിയ തലമുറയെയും മാറ്റിയെടുക്കുക എന്നതായിരുന്നു മാന്വലിന്റെ ലക്ഷ്യം. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ഏതൊരു നയത്തിനും ചർച്ചകളും കൂടിയാലോചനകളും അടിസ്ഥാനമാക്കണം. സമ്മര്‍ദ്ദങ്ങള്‍ മൂലം നയങ്ങൾ റദ്ദാക്കുന്നത് അനുവദിക്കാനാവില്ല. അത്തരമൊരു മനോഭാവം പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, അത് രാജ്യത്തിന്റെ ഘടനയ്ക്ക് വലിയ അപകടമാണ് സൃഷ്ടിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിഷയത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി എന്‍സിഇആര്‍ടി വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ENGLISH SUMMARY:High Court slams transgender manual NCERT
You may also like this video