Site iconSite icon Janayugom Online

രാജയുടെ തെരഞ്ഞെടുപ്പ് വിജയം തടഞ്ഞ വിധിക്ക് ഇടക്കാല സ്റ്റേ

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേ ആണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. എന്നാൽ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങളും നിയമസഭയിൽ വോട്ടവകാശവും രാജയ്ക്ക് ഉണ്ടായിരിക്കില്ല. കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. രാജ ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളല്ലെന്നും ക്രൈസ്തവ വിശ്വാസിയായ രാജയ്ക്ക് പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാർ നൽകിയ ഹർജിയിലാണ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രൈസ്തവ വിശ്വാസികളാണെന്നും അതേ വിശ്വാസത്തിൽ തന്നെയാണ് രാജ തുടരുന്നതെന്നുമാണ് ഹർജി.

ക്രൈസ്തവ വിശ്വാസിയായ ഷൈനി പ്രിയയെയാണ് രാജ വിവാഹം ചെയ്തത്. അത് ഇതേ മതാചാര പ്രകാരണമായിരുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ഹര്‍ജി ഫയലി‍ല്‍ സ്വീകരിച്ച ഹൈക്കോടതി രാജ വിചാരണ നേരിടണമെന്ന് നിർദ്ദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ രാജ യോഗ്യനല്ലെന്നും വിധിച്ചു. എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി കുമാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീൽ നൽകാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് രാജയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്റ്റേ ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയത്. 7,848 വോട്ടുകൾക്കാണ് കോൺഗ്രസിലെ ഡി കുമാറിനെ എ രാജ പരാജയപ്പെടുത്തിയത്.

Exit mobile version