വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരപ്പന്തല്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഉടന്‍ പൊളിച്ച് നീക്കണമെന്ന് സമരസമിതിക്ക് തന്നെയാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. നിര്‍മാണ പ്രവൃത്തികള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമരപ്പന്തല്‍ കാരണം തടസ്സപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ ഉടന്‍ തന്നെ പൊളിച്ച് നീക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്. നേരത്തെ കോടതി നല്‍കിയ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയായിട്ടാണ് അദാനി ഗ്രൂപ്പ് വീണ്ടും സമീപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സമരപ്പന്തല്‍ നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് കൈമാറിയത്.
English Summary:
High Court to demolish Vizhinjam protest camp
You may also like this video: