മേദകാനം കാടിനുള്ളിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്ന് വനം വകുപ്പിന് നിർദേശം നൽകി. അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ- മൃഗ സംഘർഷങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്താണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അഭിനന്ദന കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വപരമായ അടയാളമായെന്ന് ദൗത്യസേനക്ക് നന്ദി പറഞ്ഞുള്ള കത്തിൽ ജസ്റ്റിസ് വ്യക്തമാക്കി.
പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. റേഡിയോ കോളർ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്‌നാട് വനാതിർത്തിയിലാണ് ആന നിലവിലുള്ളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. വിഷയത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിർത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും കോടതി വീണ്ടും ഓർമിപ്പിച്ചു. ഇതിനായി ടാസ്ക് ഫോഴ്സ് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കാനും നിർദേശം നൽകി.
നിലവിലെ അമിക്കസ് ക്യൂറി രമേശ് ബാബു ആകും സമിതി അധ്യക്ഷൻ. മറ്റ് അംഗങ്ങളെ ശുപാർശ ചെയ്യാനും സർക്കാരിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. പ്രശ്നങ്ങളുണ്ടാകുമ്പോൾ മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി ആവർത്തിച്ചു. അരിക്കൊമ്പനെ മാറ്റിയതിന് ശേഷവും ചക്കക്കൊമ്പന്റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. ദൗത്യ സംഘവുമായി സഹകരിക്കാത്ത ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റിനെ കോടതി വിമർശിച്ചു. ടാസ്ക് ഫോഴ്സ് യോഗത്തിന്റെ മിനിട്ട്സ് കിട്ടിയില്ലെന്ന പ്രസിഡന്റിന്റെ പരാതിയിലാണ് കോടതി പരാമർശം. ജനപ്രതിനിധികൾ രാഷ്ട്രീയം കളിക്കരുതെന്നും പ്രശ്നങ്ങൾ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ താക്കീത് നൽകി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
English Summary: High Court whether Arikomban will return
You may also like this video