ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 75,000‑ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർത്ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. പമ്പ‑നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ ഇക്കാര്യം ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെയും ഒരു ലക്ഷത്തിലേറെ പേർ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. തിരക്ക് കണക്കിലെടുത്ത് പൊലീസ് സുരക്ഷയും കൂട്ടി. ഈ വർഷത്തെ ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് ഇടത്താവളങ്ങളിൽ ഇതിനുളള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി പമ്പ‑നിലയ്ക്കൽ ചെയിൻ സർവീസ് റൂട്ടിൽ ബസുകളുടെ എണ്ണം 189 ആയി വർധിപ്പിച്ചു. നേരത്തെ 171 ബസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വർധിച്ചതോടെയാണ് വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിച്ചത്. രണ്ട് ദിവസത്തിനകം 15 എസി ലോ ഫ്ലോർ ബസുകൾ കൂടി എത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതോടെ എസി ബസുകളുടെ എണ്ണം 60 ആകും.
നിലവിലെ 189 ബസുകളിൽ 45 എണ്ണം എസി ലോ ഫ്ലോർ ബസുകളാണ്. ആകെ ബസുകളിൽ മൂന്നിൽ ഒരു ഭാഗം എസി എന്ന നയമാണ് അധികൃതർ പിന്തുടരുന്നത്. ഈ മാസം അഞ്ചിന് മാത്രം 2,055 റൗണ്ട് സർവീസുകളാണ് ഇരു ഭാഗത്തേക്കുമായി കെഎസ്ആർടിസി നടത്തിയത്. മണ്ഡലകാലം തുടങ്ങിയശേഷം നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ നിന്ന് മാത്രം കെഎസ്ആർടിസി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. നവംബർ 30 വരെയുള്ള കാലയളവിൽ ചെയിൻ സർവീസിലൂടെ മാത്രം 10, 93,716 പേർ ശബരിമലയിൽ എത്തി. നിലയ്ക്കൽ-പമ്പ എസി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.
English Summary: High Court with instructions to reduce the crowd at Sabarimala
You may also Like this video