ഇൻഡോറിലെ ഭാഗീരഥ്പുരയിൽ കുടിവെള്ളം മലിനമായതിനെത്തുടർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. സർക്കാരിന്റെ ‘ഡെത്ത് ഓഡിറ്റ്’ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി, സംഭവത്തിൽ സ്വതന്ത്ര അന്വേഷണത്തിനായി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശീൽ കുമാർ ഗുപ്തയെ ഏകാംഗ കമ്മീഷനായി നിയമിച്ചു.
മരണപ്പെട്ട 23 പേരിൽ 16 പേർ മാത്രമാണ് മലിനജലം മൂലം മരിച്ചതെന്ന സർക്കാർ റിപ്പോർട്ടിനെ കോടതി ചോദ്യം ചെയ്തു. ബാക്കി മരണങ്ങൾ ‘അനിശ്ചിതം’ എന്ന് രേഖപ്പെടുത്തിയതിനും ‘വെർബൽ ഓട്ടോപ്‌സി’ എന്ന പ്രയോഗത്തിനും വ്യക്തമായ വിശദീകരണം നൽകാൻ സർക്കാരിന് സാധിച്ചില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 30 കടന്നതായും കോടതി നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാന്‍ ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കമ്മീഷനോട് നിർദ്ദേശിച്ചു. വിഷയത്തിൽ അടുത്ത വാദം കേൾക്കൽ 2026 മാർച്ച് 5 ന് നടക്കും.

