15 ദിവസമായി തുടരുന്ന റഷ്യ‑ഉക്രെയ്‌ന്‍ ഏറ്റുമുട്ടലിനിടെ നടന്ന ആദ്യ ഉന്നതതല ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് ഇന്നലെ തുര്‍ക്കിയില്‍ വച്ച് ചര്‍ച്ച നടത്തിയത്. മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്നതിനായി മാനുഷിക ഇടനാഴികള്‍ സ്ഥാപിക്കുന്നതിനും ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനുമായി വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തുവെങ്കിലും തീരുമാനങ്ങളൊന്നും സാധ്യമായില്ലെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവില്‍ നിന്ന് ഉറപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഉക്രെയ്‌ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. തീരുമാനങ്ങളെടുക്കുന്നതിന് അദ്ദേഹത്തിന് അധികാരമില്ലെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ലാവ്റോവിന്റെ പ്രതികരണങ്ങളെന്നും കുലേബ ആരോപിച്ചു. ഉക്രെയ്‌ന്‍ കീഴടങ്ങിയിട്ടില്ലെന്നും കീഴടങ്ങുകയില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായി കുലേബ പറഞ്ഞു. അതേസമയം, ഉക്രെയ്‌നുമായി ചര്‍ച്ചകള്‍ തുടരുമെന്ന് സെര്‍ജി ലാവ്റോവ് അറിയിച്ചു. ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുമായി പ്രത്യേക വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദേശത്തോട് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സുരക്ഷാ ആശങ്കകള്‍ പാശ്ചാത്യരാജ്യങ്ങള്‍ പരിഗണിച്ചിരുന്നുവെങ്കില്‍ ഉക്രെയ്‌നുമായുള്ള ഏറ്റുമുട്ടല്‍ റഷ്യ ആരംഭിക്കില്ലായിരുന്നുവെന്നും ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാണ് ഇപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. ചര്‍ച്ചയില്‍ തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി മെവ്‌ലറ്റ് കാവുസോഗ്‌ലുവും പങ്കെടുത്തിരുന്നു. റഷ്യ‑ഉക്രെയ്‌ന്‍ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ചയ്ക്കുള്ള വഴിയൊരുക്കലായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
English summary; High-level discussion and failure
You may also like this video;