സൗദി എയർലൈൻസ് വിമാനങ്ങളിൽ അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകുന്നതിനുള്ള പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. വ്യോമയാന മേഖലയിലെ പരിവർത്തന പരിപാടിയുടെ തന്ത്രപരമായ ഒരു ഘടകമായി ഈ സേവനത്തെ കാണുന്നതായി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എഞ്ചിനീയർ സാലിഹ് അൽജസ്സർ അറിയിച്ചു. മന്ത്രി സാലിഹ് അൽജസ്സർ, വാർത്താവിനിമയ വിവര സാങ്കേതികവിദ്യാ മന്ത്രി എഞ്ചിനീയർ അബ്ദുല്ല അൽസ്വാഹയുമായി എസ് വി 1044 വിമാനത്തിൽ വെച്ച് വീഡിയോ കോൺഫറൻസ് നടത്തുകയും അതിവേഗ ഇന്റർനെറ്റ് സേവനം വിലയിരുത്തുകയും ചെയ്തു. 35,000 അടി ഉയരത്തിൽ വെച്ച് സൗദി റോഷൻ ലീഗ് മത്സരങ്ങളിലൊന്ന് താൻ ലൈവായി കണ്ടതായും മന്ത്രി വ്യക്തമാക്കി. കൂടാതെ ഒരു വാർത്താ ചാനലുമായി ലൈവ് ടെലിവിഷൻ അഭിമുഖം നടത്തുകയും ഇന്റർനെറ്റ് സേവനത്തിലുള്ള സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്റർനെറ്റ് ഒരു സാങ്കേതിക ആഢംബരമല്ല, മറിച്ച് രാജ്യത്തെ വ്യോമയാന മേഖലയുടെ പരിവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു സേവനമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നൂതനമായ ഡിജിറ്റൽ സേവനങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള സൗദിയയുടെ യാത്രയിൽ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം അൽ ഉമർ അഭിമാനം പ്രകടിപ്പിച്ചു. ഈ സേവനം ഉടൻ തന്നെ എല്ലാ യാത്രക്കാർക്കും സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഏകദേശം 20 വിമാനങ്ങളിൽ ഈ പുതിയ സേവനം സജ്ജീകരിച്ചിട്ടുണ്ട്, ഇത് നിലവിലെ വിമാനങ്ങളിലും പുതുതായി സർവീസിനെത്തുന്ന വിമാനങ്ങളിലും വ്യാപിപ്പിക്കും. നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ സേവനം വാണിജ്യപരമായി ആരംഭിക്കും. നിലവിലെ സാങ്കേതികവിദ്യ 300 Mbps വരെ വേഗതയുള്ള തടസ്സമില്ലാത്ത കണക്ഷനാണ് നൽകുന്നത്. ഭാവിയിൽ ഇത് 800 Mbpsൽ അധികമായി വികസിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് ലൈവ് സ്ട്രീമിംഗ് കാണാനും സൂം, ടീംസ് പോലുള്ള ആപ്ലിക്കേഷനുകൾ വഴി തടസ്സമില്ലാതെ വെർച്വൽ മീറ്റിംഗുകൾ നടത്താനും സാധിക്കും.

