Site icon Janayugom Online

അതു കലക്കി, പൊലീസങ്ങനെ എടാ, എടീ എന്ന് വിളിക്കേണ്ട

വാദി ആയാലും പ്രതിയായാലും കണ്‍മുന്നില്‍പ്പെടുന്നവരാരായാലും നിലമറുന്നുള്ള പൊലീസിന്റെ ‘എടാ.. എടീ.. എന്നീ അഭിസംബോധനയ്ക്ക് കടിഞ്ഞാണ്‍. പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനങ്ങളെ എടാ, എടീ എന്നിങ്ങനെ വിളിക്കുന്നത് നിർത്തണമെന്നും ഇത് സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു. ചേര്‍പ്പ് സ്റ്റേഷനില്‍ ഉണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് കോടതിയുടെ പരാമർശം. 

സംസ്ഥാനത്ത് സര്‍ക്കാരിന്റെ പൊലീസ് നയത്തിനുവിരുദ്ധമായി ചിലയിടങ്ങളിലുണ്ടായ സംഭവങ്ങള്‍ വിവാദമായിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ചേര്‍പ്പ് അന്തിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ നാട്ടിക എംഎല്‍എ സി സി മുകുന്ദനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. വെള്ളത്തില്‍ വീണ് മരിച്ചയാളുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് എംഎല്‍എയോട് ‘നീയാരടാ പറയാന്‍’ എന്നാണ് പൊലീസുകാരന്‍ ചോദിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസുകാരനെ സ്ഥലമാറ്റുകയാണുണ്ടായത്.

ആറ്റിങ്ങലില്‍ കുഞ്ഞിന്റെ മുന്നില്‍വച്ച് പിതാവിന് അപമാനിതനാവേണ്ടിവന്ന സംഭവവും വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറിൽ തനിച്ചാക്കി പൊലീസ് താക്കോൽ ഊരിയെടുത്തെന്ന ആരോപണവുമെല്ലാം പൊലീസ് നയത്തിന് വിരുദ്ധമായിരുന്നു. ആറ്റിങ്ങല്‍ സംഭവത്തില്‍ ആരോപണവിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തിരുന്നു. ബാലരാമപുരം സംഭവം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നതെങ്കിലും ഇപ്പോള്‍ മാധ്യമങ്ങളിലൂടെയാണ് പൊലീസിന്റെ നടപടി രക്ഷിതാക്കള്‍ വെളിപ്പെടുത്തിയത്.

അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്കുമുന്നിലെത്തുന്ന ജനങ്ങളെ വിലകല്പിക്കാതെ വിളിക്കുന്നത് അരോജകമാണ്. സഹികെട്ട ജനങ്ങള്‍ ഈയിലെ പൊലീസിനെ ‘എടാ’ എന്ന് വിളിക്കുന്ന ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരുന്നു. പൊലീസുകാരന്റെ ‘എടാ’ വിളിയും അതിനെതിരെ ആളുകൾ പ്രതികരിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ ഏറ്റെടുത്താണ് ‘എടാ‘വിളി ഹാഷ് ടാഗ് ക്യാമ്പയിനുമായി പൊതുജനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. 

‘പൗരന്മാരെ ‘എടാ’ എന്നു വിളിക്കുന്ന ഏത് പൊലീസുകാരനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഇനി ‘എടാ’ എന്നേ തിരിച്ചു വിളിക്കാവൂ എന്നും തരുന്ന ബഹുമാനമേ ഇവര്‍ക്കൊക്കെ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ എന്നും പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതും വൈറലായിരുന്നു. കാലാകാലങ്ങളായി തുടരുന്ന ചില പൊലീസകാരുടെ ഈ മാടമ്പിമനോഭാവമാണ് ഹൈക്കോടതിയുടെ ഇടപെടലോടെ അവസാനിക്കാന്‍ പോകുന്നത്. 

ENGLISH SUMMARY:Highcourt state­ment on policeYo
You may also like this video

Exit mobile version