Site iconSite icon Janayugom Online

ഉന്നത വിദ്യാഭ്യാസം; മുസ്ലിം പ്രാതിനിധ്യം കുറയുന്നു

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2020–21 കാലഘട്ടത്തെ ആസ്പദമാക്കി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുമ്പോള്‍ കേരളത്തില്‍‍ മാത്രമാണ് ഇതില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. 43 ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്നത്. 

ഉത്തര്‍പ്രദേശിലാണ് ഏറ്റവും അധികം കൊഴിഞ്ഞുപോക്ക് കണ്ടെത്തിയിരിക്കുന്നത്. 36 ശതമാനം. ജമ്മുകശ്മീര്‍ 26 ശതമാനം, മഹാരാഷ്ട്ര 8.5 ശതമാനം, തമിഴ‌്നാട് 8.1 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ഡല്‍ഹിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന അഞ്ചില്‍ ഒരാള്‍ മാത്രമാണ് ഉന്നത പഠനം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ ജനസംഖ്യയില്‍ 20 ശതമാനം വരുന്ന മുസ്ലിം വിഭാഗത്തില്‍ നിന്ന് ഉന്നത പഠനത്തിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ 4.5 ശതമാനമാണ്. മുസ്ലിം വിഭാഗത്തില്‍ തന്നെ പെണ്‍കുട്ടികളാണ് ഉന്നത പഠനത്തിന് കൂടുതലായി രജിസ്റ്റര്‍ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ എണ്ണത്തിലും മുസ്ലിം വിഭാഗം കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

2019–20 കാലഘട്ടത്തില്‍ നടത്തിയ സര്‍വേയെക്കാള്‍ എട്ട് ശതമാനം കുറവാണ് മുസ്ലിം വിദ്യാര്‍ത്ഥികളില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം പട്ടികജാതി- പട്ടികവര്‍ഗ- മറ്റ് പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019- 20 കാലത്ത് പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 4.2 ശതമാനം, പട്ടികവര്‍ഗം 11.9 ശതമാനം, പിന്നാക്ക വിഭാഗം നാല് ശതമാനം എന്നിങ്ങന്നെയാണ് വര്‍ധിച്ചത്. കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള അഭ്യസ്തവിദ്യരുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ എജ്യുക്കേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുവിഭാഗത്തില്‍ നിന്ന് 56 ശതമാനം അധ്യാപകരാണ് വിവിധ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നത്. ഒബിസി 32 ശതമാനം, എസ്‌സി 9 ശതമാനം, എസ‌്ടി 2.5 ശതമാനം എന്നിങ്ങനെയാണ് അധ്യാപകരുടെ അനുപാതം. 

Eng­lish Summary;Higher Edu­ca­tion; Mus­lim rep­re­sen­ta­tion is decreasing

You may also like this video

YouTube video player
Exit mobile version