Site iconSite icon Janayugom Online

സിനിമാ തീയറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സിനിമാ തിയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മൂന്നാഴ്ചക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി. സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് ഈടാക്കുന്നത് തടയണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. പി വി ആർ, ഐനോക്സ് ഉൾപ്പെടെയുള്ള മൾട്ടിപ്ലക്സുകൾ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ ആക്ഷേപമുണ്ട്.

ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നിയമം നിലവിലുണ്ടെന്നും, സമാന വിഷയത്തിൽ മദ്രാസ്, തെലങ്കാന ഹൈക്കോടതികൾ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കോട്ടയം തിരുവാർപ്പ് സ്വദേശി മനു നായർ ജി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനൊപ്പം ഫിക്കി — മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, സിനി എക്സിബിറ്റേഴ്സ് ഫെഡറേഷൻ, പി വി ആർ, ഐനോക്സ്, സിൻപോളിസ് തുടങ്ങിയവരും എതിർ കക്ഷികളാണ്.

Exit mobile version