Site iconSite icon Janayugom Online

ഹിജാബ് വിലക്ക് : മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു

ഹിജാബ് വിലക്ക് മൗലികാവകാശ ലംഘനമാണെന്നും കര്‍ണാടകയിലെ ലക്ഷക്കണക്കിന് മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചതായും മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയില്‍. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്റെ കാര്യത്തില്‍ സമിതികള്‍ തീരുമാനമെടുക്കുന്നതില്‍ അപാകത കാണുന്നില്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധൂലിയയും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. മതേതര രാജ്യത്ത് മതപരമായ വസ്ത്രധാരണം ആവശ്യമാണോയെന്നും കോടതി ആരാഞ്ഞു. അതേസമയം കേസിന്റെ വൈകാരികത കണക്കിലെടുത്തും രാജ്യവും ലോകവും സൂക്ഷ്മമായി വീക്ഷിക്കുന്നതിനാലും ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാൻ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സർക്കാർ നടപടി ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 23 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹിജാബ് ധരിക്കുന്നതില്‍ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി. കേസ് ഇനി ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മാര്‍ച്ച് 15നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം.

Eng­lish Sum­ma­ry: Hijab ban: Edu­ca­tion of Mus­lim girls affected
You may also like this video

Exit mobile version