ഹിജാബ് നിരോധന കേസില്‍ കര്‍ണാടക ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി. കേസില്‍ ഹൈക്കോടതി അടിസ്ഥാന മതാചാരങ്ങള്‍ വിലയിരുത്തിയില്ലെന്ന് ജസ്റ്റിസ് സുധാന്‍ശു ധൂലിയ അഭിപ്രായപ്പെട്ടു.
കര്‍ണാടക സര്‍ക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇത്തരമൊരു അഭിപ്രായം മുന്നോട്ടു വച്ചത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് തുടര്‍ച്ചയായ എട്ടാം ദിവസമാണ് വാദംകേട്ടത്.
ഹൈക്കോടതിക്ക് അനിവാര്യമായ മതാചാരമെന്ന വിഷയത്തിലേക്ക് പോകുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് കര്‍ണാടക സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സമ്മതിച്ചു. എന്നാല്‍ ഹിജാബ് അനിവാര്യമായ ആചാരമാണെന്ന വാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത് ഹര്‍ജിക്കാരാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഗൂഢാലോചന നടത്തിയെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ പ്രധാനവാദം. എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിര്‍ബന്ധമാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് എന്നും ഇത് നിഷ്പക്ഷമാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഹിജാബ് ധരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പെട്ടെന്നുണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ മറ്റു ചിലരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും തുഷാര്‍ മേത്ത വാദിച്ചു.
ഏതെങ്കിലും ഒരു മതത്തെ മാത്രം ഉദ്ദേശിച്ചല്ല സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹിജാബ് വിഷയത്തിന് പിന്നാലെ ചില വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് സ്കൂളിലെത്തിയിരുന്നു. ഇതും അനുവദനീയമല്ലെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
യൂണിഫോമില്‍ മാത്രമായിരുന്നോ നിങ്ങള്‍ ഊന്നല്‍ നല്‍കിയതെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. മതത്തിന്റെ ഒരു വശവും സ്പര്‍ശിച്ചിട്ടില്ലെന്നും മേത്ത പറഞ്ഞു.
ഹിജാബ് നിര്‍ബന്ധിത മതാചാരമല്ലെന്ന് പരാമര്‍ശിച്ച തുഷാര്‍ മേത്ത വിദേശ മുസ്‌ലിം രാജ്യങ്ങളില്‍ ഹിജാബിനെതിരെ പ്രതിഷേധം നടക്കുന്നതായും വാദിച്ചു. അതേസമയം സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിട്ടപ്പോള്‍ ഹിജാബ് വിലക്കാന്‍ കാരണം എന്താണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ചോദിച്ചു. ഹിജാബ് വിലക്കിയത് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്നും ദാവെ ചൂണ്ടിക്കാട്ടി.
English Summary: Hijab ban: Supreme Court says high court has failed
You may also like this video