Site icon Janayugom Online

ഹിജാബ് വിലക്ക് : ഹര്‍ജിയില്‍ സുപ്രീം കോടതി വാദം തുടരും

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജിയിലെ വാദം സുപ്രീംകോടതിയില്‍ ഇന്ന് തുടരും.കഴിഞ്ഞയാഴ്ച കേസില്‍ വാദം നടന്നിരുന്നു.സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബഞ്ച് പറഞ്ഞിരുന്നു.ദേവദത്ത് കാമത്ത് ആയിരുന്നു ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് കാമത്ത് വാദിച്ചു. ഒപ്പം കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സ്വീകരിച്ച നിലപാടുകള്‍ക്കെതിരാണ് ഹിജാബിനോട് കര്‍ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയില്‍ എംഎല്‍.എമാരെ ഉള്‍പ്പെടുത്തിയിരുന്നു. ഈ നടപടിക്കെതിരെയും ഹരജിക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.വിദ്യാര്‍ത്ഥികളും മുസ്‌ലിം സംഘടനകളുമാണ് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി നേരത്തെ കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു.ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്. ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്സിറ്റി മാനേജ്മെന്റ് നടപടി എടുത്തിരുന്നു.ഹിജാബ് ധരിക്കാന്‍ അനുവാദമില്ലാത്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ടി.സി വാങ്ങിയതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Hijab ban: The Supreme Court will con­tin­ue hear­ing on the petition

You may also like this video:

Exit mobile version