ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും തുടരും. ആര്‍ട്ടിക്കിള്‍ 25(1) ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് നടത്തിയ വാദം കേട്ടതിന് ശേഷം ഇന്നും തുടരാന്‍ തീരുമാനിച്ച് ഇന്നലെ കോടതി പിരിയുകയായിരുന്നു.
നിയമത്തില്‍ എവിടെയാണ് ഹിജാബ് നിരോധിച്ചിരിക്കുന്നതെന്ന് ആര്‍ട്ടിക്കിള്‍ 25 (1) വിശദമാക്കിക്കൊണ്ട് കാമത്ത് ചോദിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ തലമറയ്ക്കുന്നത് ആരെയും ദ്രോഹിക്കാനല്ല. അത് അവരുടെ മതസ്വാതന്ത്ര്യമാണെന്നും കാമത്ത് കോടതിയില്‍ വാദിച്ചു.
ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് വിവാദം ശക്തമായതോടെ സ്കൂളുകളില്‍ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകള്‍ ഇന്നലെ തുറന്നു. വന്‍ പൊലീസ് വിന്യാസത്തിലാണ് സ്കൂളുകള്‍ തുറന്നത്.
കോടതി വിധിയെ മറികടന്ന് സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥിനികള്‍ ഇന്നലെ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇവരോട് ഹിജാബ് ഒഴിവാക്കാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഷിമോഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഇവിടെ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
മണ്ഡ്യയിലെ റോട്ടറി എജ്യുക്കേഷണല്‍ സൊസൈറ്റി സ്കൂളില്‍ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ജീവനക്കാരും ഹിജാബ് ധരിക്കാതെയാണ് സ്കൂളില്‍ പ്രവേശിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി ഉഡുപ്പിയിലും മംഗളുരുവിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോളജുകള്‍ക്ക് നാളെ വരെയാണ് അവധി.
English Summary: Hijab controversy: The hearing continues today
You may like this video also