കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട വിലക്കില്‍ കോടതി ഇടപെടല്‍ നീളുന്നു. ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കും. കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരമുള്ള വിലക്ക് തുടരുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അതിനിടെ ഇന്ന് കോളജുകളില്‍ അധ്യയനം പുനരാരംഭിക്കും. ശിവമോഗ ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പതിമൂന്ന് പെണ്‍കുട്ടികള്‍ എസ്‌എസ്‌എല്‍സി മാതൃകാപരീക്ഷ എഴുതാന്‍ വിസമ്മതിച്ചു. ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് മാറ്റണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ പരീക്ഷ എഴുതാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
അതേസമയം ഹിജാബ് ധരിക്കുന്നത് നിരുപദ്രവകരമായ വിശ്വാസത്തിന്റെ ഭാഗമായാണെന്ന് മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചു. മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കികൊണ്ടുള്ള ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഇസ്‌ലാം മതസ്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ് ധരിക്കുകയെന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള മതമൗലിക വാദത്തിന് വേണ്ടിയല്ലെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.
ഹിജാബ് ധരിച്ച് ക്ലാസിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കണം, ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണം, ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. തിങ്കളാഴ്ച നടന്ന വാദത്തിന്റെ തുടര്‍ വാദമാണ് ഇന്നലെ നടന്നത്. ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം കാസി, ജസ്റ്റിസ് കൃഷ്ണ എം ദിക്ഷിത് എന്നിവരുടെ വിശാലബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സ്കൂളില്‍ മൂക്കുത്തി ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സൊണാലി പിള്ള നല്‍കിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ കോടതിയുടെ അനുകൂലവിധിയേയും ദേവദത്ത് ചൂണ്ടിക്കാണിച്ചു.
english summary; Hijab: High court intervention continues
you may also like this video;