Site iconSite icon Janayugom Online

അനക്കമറ്റ് ഹിജാബ് ഹര്‍ജികള്‍ : വിഷയം പരിഗണിക്കാതെ സുപ്രീം കോടതി

ഹിജാബ് ധരിക്കുന്ന ഇസ്‍ലാം മതത്തിലെ അവിഭാജ്യഘടകമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ അനക്കമറ്റു.
മറ്റാര്‍ക്കും ഉപദ്രവമാകാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഹിജാബ് ധരിക്കുന്നതിനെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിലക്കുന്നതെന്തിനാണെന്ന് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥിനികള്‍ വിധിക്കെതിരെ കോടതിയെ സമീപിച്ചത്. വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച വിഷയം സ്ത്രീകളുടെ അന്തസിനേയും വിദ്യാഭ്യാസത്തേയും താമസസൗകര്യത്തേയും വരെ ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി ഗേള്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധത്തോടെ ആരംഭിച്ച ഹിജാബ് പ്രക്ഷോഭം കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചതിനു പിന്നാലെ തുടര്‍ന്ന് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
വിദ്യാര്‍ത്ഥികളുടെ ആശങ്ക യഥസമയം പരിഗണിക്കുമെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി അറിയിച്ചിരുന്നു. മാര്‍ച്ചിലും ഏപ്രിലിലും അടിയന്തര പ്രാധാന്യത്തില്‍ കേസില്‍ വാദം കേള്‍ക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം കോടതികളില്‍ ഹര്‍ജി നല്‍കിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തിട്ടുണ്ട്.
സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടുന്നുവെന്ന് കാണിച്ചാണ് നിബ നാസ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസം നിഷേധിച്ച നടപടി ഭരണഘടനാ അവകാശലംഘനമാണ്. സംസ്ഥാനം വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടില്ല. യൂണിഫോം ധരിച്ചില്ലെങ്കില്‍ ശിക്ഷിക്കണമെന്ന് ഒരു നിയമവും അനുശാസിക്കുന്നില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
————–
വിദ്യാര്‍ത്ഥിനികള്‍ കോളജ് മാറാന്‍ ടിസി തേടി
ബംഗളുരു: ദക്ഷിണ കന്നഡ‑ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹമ്പനക്കട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് മുസ്ലിം വിദ്യാര്‍ഥിനികള്‍ കോളേജ് അഡ്മിനിസ്‌ട്രേഷനോട് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.
അഞ്ച് വിദ്യാര്‍ത്ഥിനികള്‍ മറ്റ് കോളേജുകളില്‍ ചേരുന്നതിന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അനുസൂയ റായി സ്ഥിരീകരിച്ചു. ചില തിരുത്തലുകള്‍ വരുത്തിക്കൊണ്ട് മറ്റൊരു അപേക്ഷ സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ പുതിയ കത്ത് നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പിയുസി ഫലം പ്രഖ്യാപിച്ചതിനുശേഷം യുജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ ആഴ്ച മുതല്‍ ആരംഭിക്കും.

Eng­lish sum­ma­ry; Hijab Peti­tions: Supreme Court Regard­ing Subject

You may also like this video;

Exit mobile version