Site iconSite icon Janayugom Online

ഹിജാബ് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്

കര്‍ണാടകയിലെ ഹിജാബ് നിരോധനം സംബന്ധിച്ച കേസുകള്‍ മൂന്നംഗ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പരീക്ഷയെഴുതേണ്ടതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ അറിയിച്ചതോടെ ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 

ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് മീനാക്ഷി അറോറ കോടതിയെ അറിയിച്ചു. ഫെബ്രുവരി ആറിന് പരീക്ഷ നടക്കുകയാണ്. വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടത് ഹിജാബ് വിലക്ക് നിലവിലുള്ള സർക്കാർ കോളജുകളിലാണ്. വിലക്ക് കാരണം പരീക്ഷ എഴുതാനാകാത്ത സാഹചര്യമാണ് നേരിടുന്നത്. വിഷയത്തിൽ ഇടക്കാല വിധി വേണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. വിഷയം അടിയന്തരമായി പരിശോധിക്കാമെന്നും മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കാൻ നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹർജി പരിഗണിക്കേണ്ട തീയതി മൂന്നംഗ ബെഞ്ച് തയ്യാറാക്കും. രജിസ്ട്രാറോട് ഇക്കാര്യത്തിൽ കുറിപ്പ് തയ്യാറാക്കി എത്രയും വേഗം എത്തിക്കാമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നൽകി.

ഹിജാബ് നിരോധനം സംബന്ധിച്ച് സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിഷയം ഇപ്പോഴും നിലനില്‍ക്കുന്നത്. അപ്പീലുകള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നു വിധിച്ചപ്പോള്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നായിരുന്നു ജസ്റ്റിസ് സുധാംശു ധുലിയയുടെ വിധി. 

Eng­lish Sum­ma­ry: Hijab peti­tions to three-judge bench

You may also like this video

Exit mobile version