മുസ്ലീം വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുനീക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറോട് നിരുപാധികം മാപ്പ് പറയണമെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. പർദ്ദ എന്ന ആശയത്തോട് താൻ ശക്തമായി വിയോജിക്കുന്ന ആളാണെങ്കിലും നിതീഷ് കുമാറിന്റെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും അധികാരത്തിലേറിയ നിതീഷ് കുമാർ തിങ്കളാഴ്ച നടന്ന ആയുഷ് ഡോക്ടർമാരുടെ പരിപാടിയിലാണ് വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുനീക്കിയത്. പിന്നാലെ വീഡിയോ വൈറലായതോടെ സംഭവം വിവാദമാവുകയായിരുന്നു. 1,200ലധികം ഡോക്ടർമാർക്ക് നിയമന കത്തുകൾ വിതരണം ചെയ്ത ചടങ്ങിലാണ് സംഭവം.
ഡോക്ടറുമായി മുഖ്യമന്ത്രി സംസാരിക്കുന്നതും ഹിജാബ് നീക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഡോക്ടർ പ്രതികരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഹിജാബ് വലിച്ചുതാഴ്ത്തുകയായിരുന്നു. ഇതുകണ്ട് വേദിയിൽ ചിലർ ചിരിക്കുന്നതും നിതീഷ് കുമാറിനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി തടയാൻ ശ്രമിക്കുന്നതും കാണാം.
‘നിതീഷ് കുമാർ ഒരു മുസ്ലീം വനിതാ ഡോക്ടറോട് ചെയ്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ശക്തമായ വാക്കുകളിൽ അപലപിക്കുന്നു. നിതീഷ് കുമാർ ആ വനിതയോട് നിരുപാധികം ക്ഷമ ചോദിക്കണം.’ ജാവേദ് അക്തർ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആവശ്യപ്പെട്ടു. നിതീഷിന്റെ പ്രവൃത്തിയെ നിന്ദ്യമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണ് ഹിജാബ് വലിച്ചുതാഴ്ത്തിയതിലൂടെ കാണിക്കുന്നതെന്ന് ആജെഡി വക്താവ് എജാസ് അഹമ്മദ് പറഞ്ഞു.

