Site iconSite icon Janayugom Online

ഹിജാബ്: ഇടപെടണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

hijabhijab

ഹിജാബ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം നിരാകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം വീണ്ടും നിരസിച്ചത്. വിഷയത്തില്‍ ഉചിതമായ സമയത്ത് ഇടപെടാമെന്നും വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇടക്കാല ഉത്തരവും ഹര്‍ജികളിലെ തുടര്‍നടപടിയും തടയണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില്‍ പറയുന്നു.

അതേസമയം രാജസ്ഥാനിലെ ജയ്പുരില്‍ ഒരു സ്വകാര്യ കോളജില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ചില മുസ്‌ലിം വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ കോളജ് അഡ്മിനിസ്ട്രേഷനെതിരെ പരാതി നല്‍കി.

പെൺകുട്ടികളോട് ഹിജാബ് ധരിക്കുന്നതിന് പകരം യൂണിഫോം മാത്രം ധരിച്ചു ക്ലാസിൽ പ്രവേശിച്ചാല്‍ മതിയെന്ന് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം. തുടര്‍ന്ന് പെൺകുട്ടികൾ വീട്ടുകാരെ അറിയിക്കുകയും അവര്‍ കോളജിലെത്തി പ്രതിഷേധിക്കുകയുമായിരുന്നു.

ഉത്തര്‍പ്രദേശിലും സമാനമായ സംഭവമുണ്ടായി. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപകൻ ക്ലാസില്‍ കയറ്റിയില്ല. ജാൻപുരിലെ ടിഡി കോളജിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ പ്രശാന്ത് കുമാറാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കിയത്. ഇതുവരെ വിദ്യാർത്ഥികളില്‍ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നാണ് കോളജ് പ്രിൻസിപ്പാള്‍ അലോക് സിൻഹയുടെ വാദം.

കര്‍ണാടകയിലെ ബിദര്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ നഴ്സിങ് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പരീക്ഷഹാളില്‍ ഹിജാബ് ധരിക്കരുതെന്ന് മുന്‍കൂട്ടി നിര്‍ദേശം നല്കിയിരുന്നു.

 

Eng­lish Sum­ma­ry: Hijab: The Supreme Court has reject­ed the demand for intervention

 

You may like this video also

Exit mobile version