Site icon Janayugom Online

സംസ്ഥാനത്തിന്റെ ഇടപടല്‍ ഫലംകണ്ടു, മലയോര മേഖലാ പട്ടയം: പുതിയ അപേക്ഷയ്ക്ക് അനുമതി

minsiter

കേരളത്തിലെ മലയോര മേഖലകളില്‍ പട്ടയത്തിനായി പുതിയ അപേക്ഷ സ്വീകരിക്കാന്‍ അനുമതി നല്‍കി കേന്ദ്രം. റവന്യു മന്ത്രി കെ രാജനും വനം മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര മന്ത്രിമാരായ ഭൂപേന്ദര്‍ യാദവ്, അശിനി കുമാര്‍ ചൗബേ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ നിരവധി വര്‍ഷമായുള്ള ആവശ്യത്തിന് കേന്ദ്രാനുമതി ലഭിച്ചത്.
1977ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം അനുവദിക്കാന്‍ 1993 ലെ ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ഉണ്ടെങ്കിലും പുതിയ അപേക്ഷ സ്വീകരിക്കാന്‍ അനുമതി ഇല്ലായിരുന്നു. 1977 ന് മുമ്പ് കുടിയേറിയവര്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം കൈമാറ്റത്തിലൂടെ ഭൂമി സ്വന്തമാക്കിയവര്‍ക്കും പട്ടയത്തിന് അപേക്ഷിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിലാണ് കേന്ദ്രം പുതിയ തീരുമാനമെടുത്തത്.
പട്ടയത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പരിവേഷ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കാന്‍ പത്താം ക്ലാസ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തിലും കേന്ദ്രം ഇളവു നല്‍കി. ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് എന്ന നിലയിലേക്കാണ് ഇളവ്. സംസ്ഥാനത്തിന്റെ അപേക്ഷ പ്രകാരമാണ് കേന്ദ്ര തീരുമാനം. അപേക്ഷ നല്‍കിയാല്‍ ജെവിആര്‍ പരിശോധനകള്‍ക്ക് വിധേയമായാകും പട്ടയം അനുവദിക്കുക.

ഈ വിഷയം കൈകാര്യം ചെയ്യാന്‍ നോഡല്‍ ഓഫിസര്‍മാരായി ഐആര്‍ഒ ബംഗളൂരുവിലെ സുബ്രഹ്മണ്യത്തെയും ലാന്റ് റവന്യു കമ്മിഷ‌ണറെയും നിയോഗിക്കാനും തീരുമാനിച്ചു. കേന്ദ്ര അനുമതിയുടെ പശ്ചാത്തലത്തില്‍ റവന്യു, വനം മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം 12ന് ചേരുമെന്ന് മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും കേരളാ ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Hill Zone deed: New Appli­ca­tion Allowed

You may also like this video

Exit mobile version