Site iconSite icon Janayugom Online

ലഹരിയുടെ കേന്ദ്രമായി മലയോരം; അടിവാരത്ത് പൊലീസ് സ്റ്റേഷന് വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നു

വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വില്പനയും ഉപയോഗവും, അക്രമണങ്ങളും അടുത്തകാലത്തായി ജനങ്ങളുടെ സമാധാന ജീവിതത്തെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിവാരത്ത് ഒരു പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
അടുത്ത കാലത്തായി ലഹരി മാഫിയകളുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചു വരികയാണ്. ലഹരിക്കടിമയായ രണ്ടു യുവാക്കൾ മാതാവിനെയും ഭാര്യയെയും കൊലപ്പെടുത്തിയത് അടിവാരം ഉൾപ്പെടുന്ന പ്രദേശത്തു വച്ചാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും ചുരം വഴി എത്തിക്കുന്ന ലഹരി വസ്തുക്കൾ കൂടുതലായും വിപണനം നടത്തുന്നതും ഉപയോഗിക്കുന്നതും അടിവാരം മേഖലയിലാണ്.
അടിവാരത്തെ നിലവിലെ പൊലീസ് എയിഡ് പോസ്റ്റ് കൊണ്ട് അടിക്കടി ചുരത്തിലും താഴ്വാരത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പറ്റാത്ത അവസ്ഥയാണ്.
പുതുപ്പാടിയും കട്ടിപ്പാറ പഞ്ചായത്തിലെ ഒരു ഭാഗവും, കോടഞ്ചേരിയിലെ നൂറാംതോട്, കണ്ണോത്ത്, പാലക്കൽ, നോളജ് സിറ്റി ഉൾപ്പെടുന്ന വയനാട് അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന പതിനായിരങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തി വന്യജീവികളുടെ നിരന്തരം ശല്യങ്ങൾ കൂടി അതിജീവിച്ചുവരുന്ന ജനങ്ങൾക്ക് സമാധാന ജീവിതത്തിന് വഴിയൊരുക്കാനും അടിവാരത്ത് പൊലീസ് സ്റ്റേഷൻ അനുവദിച്ചാൽ പ്രയോജനപ്പെടും.

Exit mobile version