Site iconSite icon Janayugom Online

ഹിമാലയന്‍ പാരിസ്ഥിതിക ലോല മേഖല: ചര്‍ച്ച ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി

ഹിമാലയ പ്രദേശങ്ങളുടെ പാരിസ്ഥിതിക നാശം സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ചട്ടം 267 അനുസരിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാണ് അദ്ദേഹം നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

അടുത്തിടെ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ 41 തൊഴിലാളികള്‍ 17 ദിവസം കുടുങ്ങിക്കിടന്ന വിഷയം മുന്‍നിര്‍ത്തിയാണ് നോട്ടീസ്. ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണം. ഹിമാലയ മേഖലയില്‍ നടത്തുന്ന അശാസ്ത്രീയ വികസന പ്രവര്‍ത്തനം കാരണം മേഖലയുടെ പാരിസ്ഥിതിക ലോല പ്രദേശങ്ങള്‍ അപകടത്തിലേക്ക് നീങ്ങുകയാണ്. വികസന പ്രവര്‍ത്തനം സാധ്യമാക്കാനെത്തുന്ന തൊഴിലാളികളുടെ ജീവന്‍ അപഹരിക്കുന്ന വിധത്തിലേക്ക് ഹിമാലയ കാലാവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു കഴിഞ്ഞു. 

സില്‍ക്യാര ദുരന്തം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 30ഓളം അപകടങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയുള്ള നിര്‍മ്മാണം തൊഴിലാളികളുടെ ജീവന്‍ വരെ അപകടത്തിലാക്കുന്ന നിലയിലാണ് നടന്നുവരുന്നത്. സുരക്ഷാക്രമീകരണം ഉറപ്പാക്കുന്നതിലും തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ആകെ തകര്‍ച്ചയ്ക്ക് ഹിമാലയത്തിലെ അശാസ്ത്രീയ നിര്‍മ്മാണം കാരണമാകുമെന്നും അദ്ദേഹം നോട്ടീസില്‍ പറഞ്ഞു. ഹിമാലയത്തിന്റെ പാരിസ്ഥിതിക നാശവും മറ്റ് ഗുരുതര പ്രശ്നങ്ങളും കണക്കിലെടുത്ത് സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം നോട്ടീസില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Summary:Himalayan Eco­log­i­cal­ly Sen­si­tive Zone: Binoy Vish­wam MP calls for discussion
You may also like this video

Exit mobile version