കാനഡ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ രഹത പ്രവേശനം അനുവദിച്ച് ചെെന. ഇന്ന് മുതല്‍ ആനുകൂല്യം ലഭ്യമാകും. ഇതോടെ ചൈന വിസ രഹിത പ്രവേശനം നൽകുന്ന ആകെ രാജ്യങ്ങളുടെ എണ്ണം 79 ആയി. ബിസിനസ്, ടൂറിസം, ബന്ധു സന്ദർശനം, ട്രാൻസിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി 30 ദിവസം വരെ വിസയില്ലാതെ ചൈനയിൽ താമസിക്കാം. നിലവിൽ 2026 ഡിസംബർ 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിനോദസഞ്ചാരവും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ചൈന വിസ രഹിത പട്ടികയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നയത്തോടെ ‘ഫൈവ് ഐസ്’ സഖ്യത്തിലെ രാജ്യങ്ങളിൽ വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാൻ കഴിയാത്ത ഏക രാജ്യം അമേരിക്ക മാത്രമാണ്. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്.
അർജന്റീന, ബ്രസീൽ, ചിലി, പെറു, ഉറുഗ്വേ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. മലേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത യാത്രാ ആനുകൂല്യം നേരത്തെ തന്നെ ലഭ്യമാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവുണ്ട്.

