Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; മൂന്ന് അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് 80 ശതമാനം ഇടിവ്

adaniadani

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ശരിവച്ച് അഡാനി ഓഹരികളുടെ വിലയിടിവ് 80 ശതമാനം കടന്നു. ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് നേരിട്ടിരിക്കുന്നത് 12 ലക്ഷം കോടി രൂപയുടെ നഷ്ടം. ജനുവരി 25 ന് ലോകത്തെ ശത കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അഡാനി ഇപ്പോള്‍ 29-ാം സ്ഥാനത്തേക്കും വീണു. 

അഡാനി ഓഹരികള്‍ക്ക് 52 ആഴ്ചയായി നിലനിന്നിരുന്ന ഉയര്‍ച്ചയാണ് ചരിത്രത്തില്‍ ഇല്ലാത്തവണ്ണം കൂപ്പുകുത്തിയിരിക്കുന്നത്. പത്ത് അഡാനി ഓഹരികളുടെയും മൊത്തം വിപണി മൂലധനം ഒരു മാസത്തിനുള്ളില്‍ 62 ശതമാനം കുറഞ്ഞ് 7.32 ലക്ഷം കോടി രൂപയായി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകള്‍ ശരിവച്ച് അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി ട്രാന്‍സ്മിഷന്‍ കമ്പനിയുടെ ഓഹരിയുടെ വിപണി മൂല്യം 80 ശതമാനത്തിലേറെ ഇടിഞ്ഞു.
അഡാനി ഗ്രൂപ്പ് ഓഹരികളുടെ വില കൃത്രിമമായി 80 ശതമാനത്തിലധികം ഉയര്‍ത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. അഡാനി ടോട്ടല്‍ ഗ്യാസിന്റെ വില 81 ശതമാനം ഇടിഞ്ഞ് 3,139.95 രൂപയില്‍ നിന്ന് 751.80 രൂപയായി കുറഞ്ഞു. അഡാനി ഗ്രീന്‍ എനര്‍ജിക്ക് 74 ശതമാനം വിലയിടിവുണ്ടായി. എല്ലാ ട്രേഡിങ് സെഷനിലും ടോട്ടല്‍ ഗ്യാസും ഗ്രീന്‍ എനര്‍ജിയും ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു.
ഫ്ലാഗ്ഷിപ്പ് കമ്പനിയായ അഡാനി എന്റര്‍പ്രൈസസിന്റെ വില 61 ശതമാനം ഇടിഞ്ഞു. അഡാനി പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളും 30 മുതല്‍ 47 ശതമാനം വരെ താഴ്ന്നു. സ്ഥാപനങ്ങളിലെ ആഭ്യന്തര നിക്ഷേപകരില്‍ ഒരാളായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിക്ക് വിപണിമൂല്യത്തില്‍ അമ്പതിനായിരം കോടിയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. 

അതിനിടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള അഡാനി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. ശ്രീലങ്കയില്‍ രണ്ട് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. കാറ്റാടിപ്പാടങ്ങള്‍ക്കായി 442 മില്യണ്‍ ഡോളറാണ് അഡാനി ഗ്രൂപ്പ് നിക്ഷേപിക്കുക. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അഡാനി ഗ്രൂപ്പ് വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ശ്രീലങ്കയിലേത്. അഡാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സംബന്ധിച്ച്‌ അന്തിമ രൂപമുണ്ടാക്കിയെന്ന് ശ്രീലങ്കന്‍ ഊര്‍ജമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങളെ വിലക്കില്ല: സുപ്രീം കോടതി 

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്ക് ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി. അഡാനി-ഹിന്‍ഡന്‍ബര്‍ഗ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
അഡാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ മാധ്യമങ്ങള്‍ ഉദ്വേഗജനകമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എം എല്‍ ശര്‍മ്മ കോടതിയില്‍ വാദിച്ചത്. മാധ്യമങ്ങളെ വിലക്കാനാകില്ല. വിവേകപൂര്‍വമായ വാദം ഉന്നയിക്കൂ എന്ന് ഇതിനോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. 

Eng­lish Sum­ma­ry: Hin­den­burg Report; 80 per­cent decline for three Adani Group companies

You may also like this video

Exit mobile version