Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓരോ ആഴ്ചയും അഡാനിക്ക് നഷ്ടം 3000 കോടി

2023ലെ ഹൂറൂണ്‍ ആഗോള സമ്പന്നപ്പട്ടികയിലെ ആദ്യ പത്തില്‍ ഇടംനേടിയത് ഇന്ത്യയില്‍നിന്ന് മുകേഷ് അംബാനി മാത്രം. 8200 കോടി യുഎസ് ഡോളറാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്റെ ആസ്തി.
കഴിഞ്ഞ വര്‍ഷം അംബാനിക്കും മുമ്പിലുണ്ടായിരുന്ന അഡാനി ഈ വര്‍ഷം 23-ാം സ്ഥാനത്തേക്ക് വീണു. യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരികള്‍ക്ക് നേരിട്ട തിരിച്ചടിയാണ് ഗൗതം അഡാനിക്ക് വിനയായത്. 5300 കോടി യുഎസ് ഡോളറാണ് നിലവില്‍ അഡാനിയുടെ ആകെ ആസ്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഓരോ ആഴ്ചയും അഡാനിക്ക് 3000 കോടി വീതം നഷ്ടമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2700 കോടി ഡോളര്‍ ആസ്തിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സാരഥി സൈറസ് പൂനവാല ഇന്ത്യന്‍ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തുണ്ട്. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാരാണ് നാലാമത്. ആസ്തി 2600 കോടി ഡോളര്‍. ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് പുതുതായി 16 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്മാരുടെ എണ്ണം 217 ആയി വര്‍ധിക്കുകയും ചെയ്തു. 

മുംബൈയിലാണ് ഏറ്റവും കൂടുതല്‍ സമ്പന്നരുള്ളത്. 66 പേര്‍. ന്യൂഡല്‍ഹിയില്‍ 39 ഉം ബംഗളൂരുവില്‍ 21 ഉം അതിസമ്പന്നരുണ്ട്. ലക്ഷ്മി എന്‍ മിത്തല്‍, അശ്വിനി ദാനി, രാകേഷ് ഗാങ്‌വാള്‍, രാഹുല്‍ ഭാട്ടിയ, ബൈജു രവീന്ദ്രന്‍, രാധാകൃഷ്ണന്‍ ദമാനി, ദിലീപ് സാങ്‌വി തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.
ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇടംനേടിയവരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ 3,384ല്‍ നിന്ന് 3,112 ആയി ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട്.

Eng­lish Sum­ma­ry: Hin­den­burg Report: Adani los­es 3000 crore every week

You may also like this video

Exit mobile version