അഡാനി ഗ്യാസ് കമ്പനിയുടെ കണക്കുകള്‍ കൈകാര്യം ചെയ്തിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനം ഷാ ധന്‍ധാരിയ കമ്പനി ഒഴിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സ്ഥാപനമാണ് അഹമ്മദാബാദ് ആസ്ഥാനമായ ഷാ ധന്‍ധാരിയ കമ്പനി. ഷാ ധന്‍ധാരിയയ്ക്ക് അഡാനി ഗ്രൂപ്പ് കമ്പനിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള ശേഷിയും പരിചയസമ്പത്തുമില്ലെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണം.
അഡാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ഷാ ധന്‍ധാരിയ കമ്പനിയും ധര്‍മേഷ് പരിഖ് എന്ന സ്ഥാപനവുമായിരുന്നു. രണ്ടു സ്ഥാപനങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ടന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഡാനി ഗ്രൂപ്പ് ഇരു കമ്പനികള്‍ക്കുമായി ഏഴ് കോടി രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 84 കോടി രൂപയാണ് ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനങ്ങള്‍ക്ക് നല്‍കി വന്നത്. അഡാനി എന്റര്‍പ്രൈസസ് , അഡാനി ഗ്യാസ് കമ്പനികളുടെ കണക്കുകള്‍ കൈകാര്യം ചെയ്യാന്‍ തീരെ ചെറിയ സ്ഥാപനത്തെ നിയമിച്ചതില്‍ ദുരുഹതയുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഷാ ധന്‍ധാരിയ കമ്പനിയെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. കമ്പനിക്ക് വെബ്സൈറ്റും ഇല്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിക്ക് നാലു പങ്കാളികളും 11 ജീവനക്കാരുമാണ് ഉളളത്. ഓഫീസ് വാടകയായി പ്രതിമാസം 32,000 രൂപയാണ് ഷാ കമ്പനി നല്‍കുന്നത്. കമ്പനിയുടെ മൂലധനമായി 64 കോടി രൂപ (640 മില്യണ്‍ ) ഉളളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ ചാര്‍ട്ടേഡ് സ്ഥാപനങ്ങളെ അനുകൂലിച്ച് അഡാനി കമ്പനി രംഗത്ത് വന്നിരുന്നു. മികച്ച ട്രാക്ക് റെക്കോഡുള്ള സ്ഥാപനങ്ങളാണ് കണക്കൂകള്‍ കൈകാര്യം ചെയുന്നതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ജോലി ഭാരമാണ് അഡാനി ഗ്യാസ് ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാനത്ത് നിന്ന് മാറാന്‍ കാരണമെന്നാണ് ഷാ ധന്‍ധാരിയ കമ്പനി നല്‍കുന്ന വിശദീകരണം. ഷാ കമ്പനിക്ക് പകരം വാള്‍ട്ടര്‍ ചണ്ഡിയോക് ആന്‍ഡ് കമ്പനിയാവും കണക്കൂകള്‍ കൈകാര്യം ചെയ്യുക. എന്നാല്‍ അഡാനി എന്റര്‍പ്രൈസസിന്റെ ഓഡിറ്റിങ് ചുമതലയില്‍ ഷാ ധന്‍ധാരിയ തുടരുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
English Summary: Hindenburg Report; Shah Dhandaria steps down as Adani Gas auditor
You may also like this video