Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം നിര്‍ത്തി

അഡാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണ്‍ വെബ്സൈറ്റില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു, ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്നും ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും മുഴുവന്‍ പൂർത്തിയാക്കിയെന്നും ആൻഡേഴ്സൺ പറഞ്ഞു, ഈ തീരുമാനം താൻ മുമ്പേ എടുത്തതാണെന്നും ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരിക്കുമെന്നും ആൻഡേഴ്സൺ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന പ്രഖ്യാപനത്തിന് പിന്നില്‍ പ്രത്യേക ഭീഷണിയോ വ്യക്തിപരമോ, ആരോഗ്യപരമോ ആയ പ്രശ്നങ്ങളോ ഇല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ആസ്ഥാനമായി 2017ല്‍ ആരംഭിച്ച ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ വമ്പന്‍ കോര്‍പറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. 2023ലാണ് അഡാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചത്. കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്ന മുഖവുരയോടെയാണ് അഡാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ അഡാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ വൻ ഇടിവുണ്ടായി.
ഗൗതം അഡാനിയുടെ വ്യക്തിഗത സമ്പത്തില്‍ 100 ദശലക്ഷത്തിലധികം ഡോളറിന്റെ നഷ്ടമുണ്ടായി. ഒരു വര്‍ഷത്തോളമെടുത്താണ് ഈ നഷ്ടത്തില്‍ നിന്ന് ഗ്രൂപ്പ് കരകയറിയത്. ആരോപണത്തില്‍ അന്വേഷണം നടന്നുവെങ്കിലും സെബിയും സുപ്രീം കോടതിയും അഡാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി. 2024 ഓഗസ്റ്റില്‍ വീണ്ടും അഡാനി ഗ്രൂപ്പിനെതിരെയും സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെയും ഹിന്‍ഡന്‍ബര്‍ഗ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. 

Exit mobile version