Site iconSite icon Janayugom Online

പുതിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ; ജാക്ക് ഡോര്‍സിയുടെ ബ്ലോക്ക് കൃത്രിമം നടത്തി

അഡാനിക്ക് ശേഷം മുന്‍ ട്വിറ്റര്‍ ഉടമസ്ഥന്‍ ജാക്ക് ഡോര്‍സിയുടെ പേയ‌്മെന്റ് സ്ഥാപനമായ ബ്ലോക്കിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ബ്ലോക്കിന്റെ ഓഹരികള്‍ 18 ശതമാനം വിലയിടിഞ്ഞു. വലിയ ഒരു റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഇന്നലെ രാവിലെ ട്വിറ്ററിലൂടെ ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ലോകം ആകാംക്ഷയിലായിരുന്നു. വൈകുന്നേരത്തോടെ ജാക്ക് ഡ‍ോര്‍സിയുടെ ബ്ലോക്ക് ഇന്‍കോര്‍പറേറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് റിപ്പോര്‍ട്ടെന്നത് വ്യക്തമായി.

രണ്ടുവര്‍ഷത്തെ അന്വേഷണത്തിന്റെ ഫലമാണ് റിപ്പോര്‍ട്ടെന്ന് യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു. ബ്ലോക്കിന്റെ കാഷ് ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 75 ശതമാനം വരെ വ്യാജമാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. കണക്കുകള്‍ പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു, നിയമങ്ങള്‍ വളഞ്ഞവഴികളിലൂടെ മറികടന്നു, സുരക്ഷാ പിഴവുകള്‍, ക്രിമിനല്‍ സംഘങ്ങള്‍ ആപ്പ് ഉപയോഗിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്നു.

44 ബില്യണ്‍ ഡോളറാണ് മുമ്പ് സ്ക്വയര്‍ ഇന്‍‍കോര്‍പറേറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്ലോക്കിന്റെ നിലവിലെ വിപണിമൂല്യം. കാഷ് ആപ്പ് പ്ലാറ്റ്ഫോമിന് 51 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. അഡാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമത്വം കാണിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഓഹരി വിപണിയില്‍ അഡാനിക്ക് കനത്ത നഷ്ടം നേരിടേണ്ടിവന്നിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അഡാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം 5030 കോടി ഡോളറായി കുറഞ്ഞിരുന്നു. 2022 ഡിസംബര്‍ 13ന് അഡാനിയുടെ ആസ്തി 13420 കോടി യുഎസ് ഡോളറായിരുന്നു. ഓഹരി വിലയിടിവില്‍ ഗൗതം അഡാനിക്ക് ലോക സമ്പന്നരിലെ ആദ്യ പത്തിലെ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Hin­den­burg shorts Jack Dorsey’s pay­ments firm Block
You may also like this video

Exit mobile version