Site icon Janayugom Online

ബസില്‍ ഒന്നിച്ച് യാത്ര ചെയ്തു; മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും ഹിന്ദുത്വ സംഘടന പൊലീസില്‍ ഏല്‍പ്പിച്ചു

attack

ബസില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് മുസ്‌ലിം യുവാവിനേയും ഹിന്ദു യുവതിയേയും ബജ്‌റംഗ്ദള്‍ പ്രവർത്തകർ ഇടപെട്ട് പൊലീസില്‍ ഏല്പിച്ചു. ദക്ഷിണ കന്നഡയിലാണ് സംഭവം.

യുവാവും യുവതിയും യാദൃശ്ചികമായി ബസില്‍ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വന്ന സംഭവമാണ് പ്രണയമാണെന്ന തെറ്റിദ്ധാരണയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രശ്‌നമാക്കിയത്. പുട്ടൂരില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. നൗഷാദ് എന്ന യുവാവാണ് ഇവര്‍ക്കൊപ്പം യാത്ര ചെയ്തത്. പുട്ടൂരില്‍ നിന്ന് കുമ്പ്രയിലേക്കാണ് ഇയാള്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു ഇന്റര്‍വ്യൂ കോള്‍ കിട്ടിയതിനെ തുടര്‍ന്ന് പെട്ടെന്ന് യാത്ര ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ബസില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഇവരെ ദക്ഷിണ കന്നഡയിലെ സുള്ള്യ പൊലീസ് സ്‌റ്റേഷനിൽ ഏല്പിച്ചത്.

ഇവരുടെ ഫോണ്‍ പരിശോധിച്ചെന്നും ഇരുവരും തമ്മില്‍ നേരത്തെ പരിചയമില്ലെന്നും സുള്ള്യ പൊലീസ് ഇന്‍സ്‌പെക്ടര്‍ നവീന്‍ചന്ദ്ര ജോഗി പറഞ്ഞു. ബസിലുണ്ടായ പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇടപെട്ട് നൗഷാദിനെയും യുവതിയെയും ബംഗളുരുവിലേക്ക് പോവാന്‍ അനുവദിച്ചു. ദക്ഷിണ കന്നഡ മേഖലയിൽ ഉണ്ടായ 51 വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 14 എണ്ണവും ലൗജിഹാദ് ആരോപണങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളായിരുന്നെന്ന് മനുഷ്യാവകാശ സംഘടനകൾ പുറത്ത് വിട്ട റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

Eng­lish Sum­ma­ry: Hin­du group held girl and youth for trav­el­ing togeth­er in bus

You may like this video also

Exit mobile version