Site icon Janayugom Online

മുസ്‌ലിങ്ങൾ ഹിന്ദു സ്ത്രീകൾക്ക് മൈലാഞ്ചി ഇടേണ്ടെന്ന് ക്രാന്തി സേന; ഉറപ്പുവരുത്താന്‍ ഹിന്ദു സംഘടനയുടെവക മിന്നൽ പരിശോധനയും

karmasena

ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർ ഹിന്ദു സ്ത്രീകൾക്ക് മൈലാഞ്ചി ഇടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഹിന്ദു തീവ്ര സംഘടനയായ ക്രാന്തി സേനയുടെ പരിശോധന. ഹരിയാലി തീജ് ആഘോഷങ്ങളോടനുബന്ധിച്ചാണ് മുസഫർനഗറിൽ 50ലധികം വരുന്ന ക്രാന്തിസേന പ്രവർത്തകർ മിന്നൽ പരിശോധന നടത്തിയത്. അതേസമയം കേശാലങ്കാരത്തിനായി മുസ്‌ലിം ജീവനക്കാരെ നിയോഗിക്കരുതെന്ന് കട ഉടമകളോട് ഇവർ ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മൈലാഞ്ചി ഇടൽ, മുടി ഒരുക്കൽ തുടങ്ങിയ ജോലികൾ ചെയ്ത് മുസ്‌ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് ലൗ ജിഹാദിൽ കുടുക്കുകയാണെന്ന് ക്രാന്തി സേന ജനറൽ സെക്രട്ടറി മനോജ് സൈനി പറഞ്ഞു. നിരവധി കടകളിൽ തങ്ങൾ പരിശോധന നടത്തിയെന്നും ഇത്തരം ജോലികളിൽ മുസ്‌ലിം യുവാക്കളെ നിയോഗിക്കരുതെന്ന് കട ഉടമകൾക്ക് നിർദ്ദേശം നൽകിയെന്നും സൈനി പറയുന്നു. സ്ത്രീകളടക്കം ഉള്‍പ്പെട്ട ക്രാന്തി സേന അംഗങ്ങൾ കടകളിലും മറ്റും പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ വിഷയത്തിൽ 51 ക്രാന്തി സേന അംഗങ്ങൾക്കെതിരെ യുപി പൊലീസ് കേസെടുത്തു. തിരിച്ചറിഞ്ഞ 11 പേർക്കും തിരിച്ചറിയാത്ത 40 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ മുസഫർനഗറിൽ വീണ്ടും വർഗീയ കലാപം ഉണ്ടാക്കാനുള്ള ഹിന്ദുത്വ സംഘടനകളുടെ ഗൂഢനീക്കമാണിതെന്ന് കട ഉടമകൾ ആരോപിക്കുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് തൊഴിലാളികളെ തിരഞ്ഞെടുക്കുക എന്നും ഇവർ ചോദിക്കുന്നു.

2013ൽ നടന്ന മുസഫർനഗർ കലാപത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. കലാപത്തെ തുടർന്ന് 50,000ത്തിലധികം പേർ പ്രദേശത്തുനിന്നും പലായനം ചെയ്തിരുന്നു. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാറാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം.

Eng­lish Sum­ma­ry: Kran­ti Sena raids in UP for assur­ing that  Mus­lims not apply­ing mehan­di for Hin­du women

You may like this video also

Exit mobile version