Site icon Janayugom Online

ക്രിസ്ത്യന്‍ പള്ളികള്‍ കയ്യേറി ‘പ്രതിഷേധ ഭജന’ നടത്തി തീവ്രഹിന്ദു സംഘടനകള്‍, പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എയും

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പള്ളിയില്‍ പ്രതിഷേധ ഭജന നടത്തി തീവ്രഹിന്ദു സംഘടനകള്‍. ഞായറാഴ്ചയാണ് ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ താല്‍ക്കാലിക പള്ളിയില്‍ കയറി ഭജനയും പ്രാര്‍ത്ഥനയും നടത്തിയത്. രാവിലെ 11 മണിയോടെ ഹുബ്ബള്ളിയിലെ ബൈരിദേവര്‍കൊപ്പ പള്ളിയിലെത്തിയ പ്രവര്‍ത്തകര്‍ ഉച്ചഭാഷിണികളിലൂടെ ഭജനകളും പ്രാര്‍ത്ഥന ഗാനങ്ങളും പാടി.
ഇതിന് പിന്നാലെ പ്രാദേശിക ബിജെപി എംഎല്‍എയായ അരവിന്ദ് ബെല്ലാഡിന്റെ നേതൃത്വത്തില്‍ പള്ളിയിലെ പാസ്റ്റര്‍ സോമു അവരാധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
വിശ്വനാഥ് എന്ന ഹിന്ദുവിനെ മത പരിവര്‍ത്തനം നടത്തുന്നതിനായി പള്ളിയിലെത്തിച്ചെന്നാരോപിച്ചാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധ ഭജന നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മതപരിവര്‍ത്തനത്തിനെതിരെ ഭജന നടത്തി തങ്ങളുടെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു എന്നാണ് ബജ്‌റംഗ്ദളിന്റെ വാദം.
അതേസമയം, തങ്ങള്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന ആരോപണം പള്ളി അധികാരികള്‍ തള്ളി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം, മതവികാരത്തെ വ്രണപ്പെടുത്താനുള്ള മനഃപൂര്‍വ്വവും ദുരുദ്ദേശപരവുമായ പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹുബള്ളി-ധദ്വാദ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Hin­du groups stormed Chris­t­ian church­es and staged ‘protest bhajans’

You may like this video also

Exit mobile version