Site iconSite icon Janayugom Online

രാമനവമി അക്രമം: വർഗീയ കലാപമുണ്ടാക്കാൻ പശുക്കളെ അറുത്തത് ഹിന്ദു മഹാസഭ പ്രവര്‍ത്തകരെന്ന് പൊലീസ്

രാമനവമി ഘോഷയാത്രയ്ക്കിടെ ആഗ്രയിൽ വർഗീയ കലാപമുണ്ടാക്കാൻ പശുക്കളെ അറുത്തത് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തർപ്രദേശ് പൊലീസ്. രാമനവമി ദിനത്തില്‍ ഗോവധം ആരോപിച്ച് നാല് യുവാക്കളെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗ്രയിലെ ഗൗതം നഗറില്‍ രാമനവമി ആഘോഷത്തിനിടെ നടത്തിയ റെയ്ഡിനിടെയാണ് യുവാക്കളെ പിടികൂടിയത്.

കലാപത്തിന് പിന്നില്‍ ഭാരത് ഹിന്ദു മഹാസഭയുടെ നിരവധി ഭാരവാഹികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റീജിയണൽ പൊലീസ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ട് ആണ് അക്രമത്തിന് പിന്നിലെ സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഗൂഢാലോചനയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഗോവധം സംബന്ധിച്ച് ജിതേന്ദ്ര കുശ്വാഹ എത്മദുദ്ദൗല പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

സഞ്ജയ് ജാട്ട് തന്റെ അനുയായികളും സുഹൃത്തുക്കളും ചേർന്ന് മാർച്ച് 29 ന് രാത്രി മെഹ്താബ് ബാഗ് പ്രദേശത്ത് പശുവിനെ അറുക്കുകയും മുഹമ്മദ് റിസ്വാൻ, മുഹമ്മദ് നക്കിം, മുഹമ്മദ് ഷാനു എന്നിവർക്കെതിരെ പരാതി നല്‍കാൻ പാർട്ടി അംഗം ജിതേന്ദ്ര കുശ്‌വാഹയോട് ആവശ്യപ്പെട്ടു. രാമനവമി ദിനത്തിലാണ് കുശ്വാഹ എത്മദുദ്ദൗല പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തത്. എന്നാല്‍ അന്വേഷണത്തില്‍ എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന ചിലരുമായി സഞ്ജയ്‌ക്ക് ശത്രുതയുണ്ടെന്നും അവരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു.

എഫ്‌ഐആറിൽ പേരുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുശ്വാഹ രണ്ട് തവണ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു . എന്നാല്‍ പരാതിയില്‍ പറയുന്നവര്‍ക്ക് ഗോഹത്യയുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ആഗ്ര ഡിസിപി സൂരജ് റായ് പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ആലംഗഞ്ച് ഏരിയയിലെ സയ്യദ്പാഡയിലെ താക്കൂർ എന്ന ഇമ്രാൻ ഖുറേഷി, ഷാനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: Hin­du Mahasab­ha work­ers slaugh­tered cows to cause com­mu­nal vio­lence, says UP Police
You may also like this video

Exit mobile version