Site iconSite icon Janayugom Online

ജഹാംഗിര്‍പുരിയില്‍ ഹിന്ദു-മുസ്ലിം ഐക്യസന്ദേശ യാത്ര

ഹനുമാന്‍ ജയന്തി റാലിക്കിടെ സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ജഹാംഗിര്‍പുരിയില്‍ സമാധാനം പുനസ്ഥാപിക്കാനായി ഹിന്ദു-മുസ്ലിം വിശ്വാസികള്‍ ഐക്യസന്ദേശ സമാധാന യാത്ര സംഘടിപ്പിച്ചു. സംഘര്‍ഷമുണ്ടായി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സമാധാനം പുനസ്ഥാപിക്കാന്‍ പ്രദേശവാസികള്‍ മുന്നിട്ടിറങ്ങിയത്.

ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് റാലി നടത്തിയത്. കര്‍ശന സുരക്ഷയിലും നിരീക്ഷണത്തിലുമാണ് പ്രദേശം. പ്രദേശിക സമാധാനം പുനസ്ഥാപിക്കാനായി രൂപീകരിച്ച അമാന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ആശ്ലേഷിക്കുകയും ചെയ്തു.

25 ഹിന്ദുക്കള്‍ക്കും 25 മുസ്ലിങ്ങള്‍ക്കുമാണ് റാലിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. കുഷല്‍ ചൗകില്‍ നിന്ന് ആരംഭിച്ച യാത്ര ബ്ലോക് ബി, ബിസി മാര്‍ക്കറ്റ്, പള്ളി, അമ്പലം, ജി ബ്ലോക്ക്, ഭൂമി ഘട്ട്, എന്നിവ പിന്നിട്ട് ആസാദ് ചൗകിലാണ് റാലി അവസാനിച്ചത്. കുഷല്‍ ചൗകില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. പുറത്തുനിന്നുള്ളവരെ റാലിയിലേക്ക് പ്രവേശനം അനുവദിച്ചില്ല. പ്രദേശവാസികള്‍ മാത്രമാണ് പങ്കെടുത്തത്.

ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും ജഹാംഗിര്‍പുരിയിലെ ഓരോ മുക്കിലും മൂലയിലും പൊലീസ്, സിആര്‍പിഎഫ് അംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ഏപ്രില്‍ 16ന്ഹനുമാന്‍ ജയന്തി റാലി നടക്കുന്നതിനിടയ്ക്കാണ് ജഹാംഗിര്‍പുരിയില്‍ സംഘര്‍ഷമുണ്ടായത്. എട്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Eng­lish summary;Hindu-Muslim uni­ty ral­ly in Jahangirpuri

You may also like this video;

Exit mobile version