Site icon Janayugom Online

കര്‍ണാടകയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍; ഗണേശോത്സവവും സരസ്വതി ദേവിയുടെ ചിത്രവും മതിയെന്ന് ഭീഷണി

കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍. മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞത്. അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.മാണ്ഡ്യയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്റ് കോളജിലെത്തിയ സംഘം ക്രിസ്മസ് ആഘോഷം തടയുകയായിരുന്നു.

ഹിന്ദുക്കളുടെ ആഘോഷമായ ഗണേശോത്സവം ആഘോഷിക്കണമെന്നും സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളില്‍ വെയ്ക്കണമെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു.എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്നും കൊവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷിച്ചിരുന്നില്ലെന്നും കുട്ടികള്‍ തന്നെയാണ് കേക്ക് വാങ്ങിയതെന്നും കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. 

എന്നാല്‍, ഒരു കുട്ടിയുടെ രക്ഷിതാവ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായും അവര്‍ പറഞ്ഞു.എതിര്‍പ്പുപ്രകടിപ്പിച്ച രക്ഷിതാവാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്. സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍, ഈ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി

.രണ്ട് ദിവസം മുമ്പ് ദക്ഷിണ കര്‍ണാടകയിലെ ചിക്കബല്ലാപുര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം നടന്നിരുന്നു. 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും തകര്‍ത്തിരുന്നു.

നിയമസഭയില്‍ കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം.ഡിസംബര്‍ ആദ്യം കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ സംഘടനകളുടെ അംഗങ്ങളായിരുന്നു ആക്രമണം നടത്തിയത്.

Eng­lish Sum­ma­ry: Hin­dut­va activists block Christ­mas cel­e­bra­tions at schools in Karnataka

You may also like this video:

Exit mobile version