Site iconSite icon Janayugom Online

വരവര റാവുവിന്റെ പുസ്തകത്തില്‍ നിന്ന് ‘ഹിന്ദുത്വ’യും, ‘കാവിവല്ക്കരണ’വും വെട്ടി

മോഡി ഭരണകൂടം വേട്ടയാടുന്ന തെലുങ്ക് കവി വരവര റാവുവിന്റെ പുതിയ പുസ്തകത്തില്‍ നിന്ന് ‘ഹിന്ദുത്വ’, ‘സംഘ്പരിവാർ’, ‘കാവിവല്ക്കരണം’ തുടങ്ങിയ വാക്കുകൾ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് നീക്കം ചെയ്തതായി റിപ്പോർട്ട്.

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 81 കാരനായ റാവുവിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തന കവിതാസമാഹാരമായ ‘വരവര റാവു: എ റവല്യൂഷണറി പൊയറ്റ്‘ൽ നിന്നാണ് സംഘ്പരിവാറിനെ ഭയന്ന് തിരുത്തല്‍ വരുത്തിയിരിക്കുന്നത്.

വരവര റാവുവിന്റെ ആറ് പതിറ്റാണ്ട് കാലത്തെ സാഹിത്യ ജീവിതത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ പുസ്തകം. 1960 മുതൽ വിവിധ ജനകീയ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള റാവു, എൽഗർ പരിഷത്ത്-ഭീമ കൊറേഗാവ് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2018 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യപ്പെട്ടു. നിലവില്‍ മെഡിക്കൽ ജാമ്യത്തിലാണ്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ജാമ്യ വ്യവസ്ഥയുള്ളതു കൊണ്ട് റാവു പ്രതികരിച്ചിട്ടില്ല.

റാവുവിന്റെ പുസ്തകത്തില്‍ നിന്ന് സംശയാസ്പദമായ വാക്കുകളാണ് നീക്കം ചെയ്തതെന്നും രാജ്യദ്രോഹമോ അപകീർത്തിപ്പെടുത്തലോ പോലുള്ള നിയമങ്ങള്‍ ചുമത്തുന്നത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. 2014 ൽ,വെൻഡി ഡോണിഗറുടെ ദി ഹിന്ദുസ് എന്ന പുസ്തകം ഹിന്ദുഗ്രൂപ്പുകൾ നൽകിയ പരാതിയെത്തുടർന്ന് പെൻഗ്വിൻ പിൻവലിച്ചിരുന്നു.

Eng­lish summary;Hindutva’ and ‘saf­froniza­tion’ were cut from Var­avara Rao’s book

You may also like this video;

Exit mobile version