Site iconSite icon Janayugom Online

ഇസ്‍ലാമിനെതിരെ പോരാടാൻ ഹിന്ദുത്വക്കാരുടെ ‘സായുധ സേന’

akhadaakhada

കഴിഞ്ഞ ദിവസങ്ങളിൽ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ മുസ്‍ലിം വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ നേതാക്കൾ ചേർന്ന് ഇസ്‌ലാമിനെതിരായ പോരാട്ടം തുടരാൻ സായുധ സംഘം രൂപീകരിച്ചതായി റിപ്പോർട്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷവും അഖാഡകളുടെ നേതാക്കൾ ചൊവ്വാഴ്ച യോഗം ചേർന്ന് 21 നേതാക്കളുടെ കോർ കമ്മിറ്റി രൂപീകരിച്ചു. ഇസ്‌ലാമിനെതിരായ പോരാട്ടം തുടരാൻ ‘സായുധ സംഘം’ എന്നാണ് നേതാക്കൾ പേരിട്ടിരിക്കുന്നത്.

യതി നരസിംഹാനന്ദ സരസ്വതി, സ്വാമി പ്രബോധാനന്ദ്, ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അന്നപൂർണ ഭാരതി എന്ന പൂജ ശകുൻ, പണ്ഡിറ്റ് അധീർ കൗശിക്, സിന്ധു മഹാരാജ്, സ്വാമി ദർശൻ ഭാരതി എന്നിവർ കോർ കമ്മിറ്റി അംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. ഖുര്‍ആനും നഗരത്തിലെ മൗലാനമാർക്കും ഇമാമുമാർക്കും എതിരെ ഹരിദ്വാർ കോട്വാലി പൊലീസ് സ്റ്റേഷനിൽ ഇവർ പരാതിയും നല്കിയിട്ടുണ്ട്. ‘ഖുർആൻ കാഫിറുകളെ കൊല്ലാൻ പ്രേരിപ്പിക്കുന്നു. പ്രകോപനപരമായ ഭാഗങ്ങളുള്ള ഇത് നിരോധിക്കണം’ എന്ന് നിരഞ്ജനി അഖാഡയുടെ ദർശൻ ഭാരതി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

‘1,400 വർഷങ്ങൾക്ക് മുമ്പ് ആദിശങ്കരാചാര്യർ അഖാഡകൾ സ്ഥാപിക്കുകയും ഹിന്ദു മതത്തെ ബുദ്ധമതക്കാരിൽ നിന്ന് രക്ഷിക്കാൻ വിവിധ ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഗുരു ഗോവിന്ദ് സിങ് തന്റെ സൈന്യത്തെ സൃഷ്ടിച്ചതുപോലെ അഖാഡകളും മതത്തിന്റെ ഒരു സൈന്യമായിരുന്നു. അന്ന് വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇസ്‍ലാം ഒരു സായുധ സംഘമാണ്. ആയുധം കൊണ്ട് മാത്രമേ അവരോട് പോരാടാൻ കഴിയൂ’ ദർശൻ ഭാരതി പറഞ്ഞു. കഴിഞ്ഞ പരിപാടി സൃഷ്ടിച്ച പ്രതികരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച നേതാക്കൾ ഹരിദ്വാർ ലോകത്തിന് ഉചിതമായ പാഠം നൽകിയെന്ന് പറഞ്ഞു. ‘ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ് ധർമ്മ സൻസദ്’ എന്നും വിശദീകരിച്ചു.

‘ഞങ്ങൾ അലിഗഡ്, കുരുക്ഷേത്ര, സിംല എന്നിവിടങ്ങളിൽ മൂന്ന് സൻസദുകൾ കൂടി നടത്തുന്നുണ്ട്. അത് ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുസ്‍ലിങ്ങളെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനമുയർന്ന പരിപാടിയിൽ പക്ഷേ ഗാന്ധിജിയെ കുറിച്ച് നിശബ്ദത പാലിച്ചു. ഗാന്ധിയെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്ന് തീരുമാനിച്ചു‘വെന്ന് ദർശൻ ഭാരതി പറഞ്ഞു. ധർമ്മത്തിന്റെ സംരക്ഷണത്തിനായി പോരാടുന്നതും ജീവൻ ബലിയർപ്പിക്കുന്നതും ഹിന്ദുക്കളുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. യുപി തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബിജെപി നേതാക്കൾ ഈ സായുധ സംഘത്തെ പിന്തുണയ്ക്കുകയാണെന്ന് നേതാക്കളുടെ മൗനം തെളിയിക്കുന്നു.

Eng­lish Sum­ma­ry: Hin­dut­va ‘armed forces’ to fight Islam

You may like this video also

Exit mobile version