Site iconSite icon Janayugom Online

പശുവിന്റെ പേരില്‍ കൊലവിളി തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ വീണ്ടും കൊലവിളിയുമായി ഹിന്ദുത്വ സംഘടനകള്‍.
ഗോസംരക്ഷകനും മുഖ്യപ്രതി മോഹിത് യാദവ് എന്ന മോനു മനേസറിന്റെ അനുയായികളാണ് രാജസ്ഥാന്‍ പൊലീസിനെതിരെ തുറന്ന ഭീഷണിയുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഹരിയാനയില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തിലായിരുന്നു ഭീഷണി. 

“മോനുവിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യാൻ തുനിഞ്ഞാൽ, രാജസ്ഥാൻ പൊലീസ് രണ്ട് കാലിൽ തിരിച്ചു പോകില്ല” എന്നായിരുന്നു മഹാപഞ്ചായത്തില്‍ ഒരാളുടെ ഭീഷണി. കഴിഞ്ഞ എട്ടുവർഷമായി പശുക്കളെ രക്ഷിക്കാൻ മനേസറിന് കഴിയുന്നത് മോനുവും കൂട്ടരും കാരണമാണ്. അങ്ങനെ ആയിരുന്നില്ലെങ്കില്‍ മനേസര്‍ഗ്രാമം ഇപ്പോള്‍ പാകിസ്ഥാന്‍ ആയി മാറിയേനെ എന്നും അയാള്‍ പറഞ്ഞു. മഹാപഞ്ചായത്തില്‍ പങ്കെടുത്തവര്‍ പ്രസംഗകനെ കയ്യടിച്ച് അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മനേസറിലെ ബാബ ഭീംസ ക്ഷേത്രത്തിലാണ് മഹാപഞ്ചായത്ത് നടന്നത്. മോനു ഹിന്ദുക്കളുടെ അഭിമാനമാണെന്ന് കണക്കാക്കുന്ന ഗ്രാമീണരാണ് പരിപാടിയില്‍ പങ്കെടുത്തത്. അതേസമയം രാജസ്ഥാന്‍ പൊലീസിനെതിരെ ഭീഷണി മുഴക്കിയിട്ടും ഹരിയാന സര്‍ക്കാരോ പൊലീസോ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മോനുവിനെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പൊലീസ് മനേസറിൽ എത്തിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ പ്രതിഷേധിക്കുകയും ഡൽഹി-ജയ്പൂർ ദേശീയ പാത 48 ഉപരോധിക്കുകയും ചെയ്തു. മോനുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഗുരുഗ്രാം പൊലീസ് പറയുന്നത്. പ്രതിയുടെ തോക്ക് ലൈസന്‍സ് റദ്ദാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഹരിയാനയിലെ ഭിവാനിയിലാണ് നസിര്‍, ജുനൈദ് എന്ന രണ്ടുപേരെ മഹിന്ദ്ര ബെലേറൊ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാലിക്കടത്ത് ആരോപിച്ച്‌ ഗോരക്ഷാ ഗുണ്ടകള്‍ രാജസ്ഥാനില്‍ നിന്നും ഇവരെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മരിച്ചതോടെ കാറിലിട്ട് കത്തിക്കുകയുമായിരുന്നു.
മോനു മനേസറിനെ പ്രതി ചേർത്തത് മുതൽ പ്രതിക്കുവേണ്ടി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുണ്ട്. മോനുവിനെതിരെ കള്ളക്കേസ് ചുമത്തുകയാണെന്ന് ആരോപിച്ച് ബജ്‌റംഗ്‌ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്‌പി) പ്രകടനം നടത്തിയിരുന്നു. പ്രതിക്ക് സുരക്ഷ ആവശ്യപ്പെട്ട് വിഎച്ച്പി ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുമുണ്ട്.
പ്രതികളായ അഞ്ച് ഗോരക്ഷാ ഗുണ്ടകളില്‍ മൂന്നുപേര്‍ പൊലീസിന് വിവരം നല്‍കുന്നവരാണെന്ന് സൂചനയുണ്ട്. മോനുവിന് പുറമെ അനില്‍, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിങ്കള എന്നിവരാണ് കേസില്‍ പ്രതികള്‍. റിങ്കു സൈനി, ലോകേഷ് സിങ്കള, ശ്രീകാന്ത് എന്നിവര്‍ കാലിക്കടത്ത് പിടിക്കാന്‍ ഹരിയാന പൊലീസിനൊപ്പം പോകാറുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു. 

Eng­lish Sum­ma­ry: Hin­dut­va orga­ni­za­tions fol­lowed the call for killing in the name of cow

You may also like this video

Exit mobile version