Site iconSite icon Janayugom Online

വിരമിച്ച മുസ്ലിം സൈനികനെ വേട്ടയാടി ഹിന്ദുത്വ സേന; കേസെടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം

കടുത്ത മുസ്ലിം വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധമായ ഉത്തരാഖണ്ഡില്‍ ഹിന്ദുത്വ വേട്ടയാടലിന് ഇരയായ വിരമിച്ച മുസ്ലിം സൈനികന്റെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം ഫലപ്രാപ്തിയിലേക്ക്. വികാസ് നഗറില്‍ വിദ്യാലയം നടത്തുന്ന ബിജെപിക്കാരനായ ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്‍ ഖാദറാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഉപവിഭാഗമായ രുദ്രസേനയുടെ മനുഷ്യത്വരഹിതമായ വേട്ടയാടലിന് വിധേയനായത്. സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം വികാസ് നഗറില്‍ സിബിഎസ്ഇ വിദ്യാലയം ആരംഭിച്ചശേഷമാണ് അബ്ദുള്‍ ഖാദറിനെതിരെ രുദ്രസേന രംഗത്ത് വന്നത്. ഖാദറിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നും താലിബാന്‍ വിദ്യാഭ്യാസം നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു വേ‍ട്ടയാടല്‍. ഖാദര്‍ ഹിന്ദുവിരുദ്ധനാണെന്നുള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം അഴിച്ചുവിട്ടു. 

നാനാജാതി മത വിഭാഗത്തിലുമുള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനത്തിനും തനിക്കുമെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ രുദ്രസേന നേതാക്കള്‍ക്കെതിരെ ഖാദര്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ, പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് യാതൊരു ശ്രമവും നടത്തിയില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ച ഖാദര്‍ നടത്തിയ നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്ശേഷമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വികാസ് നഗര്‍ ജൂഡ‍ിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

രുദ്രസേന തലവന്‍ രാകേഷ് തോമര്‍, ഗിരീഷ് ചന്ദര്‍ ദലക്കോട്ട്, ഭൂപേന്ദ്ര ദോഗ്ര, സോളങ്കി തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈമാസം ഏഴിന് പൊലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. രുദ്രസേന സ്ഥാപനത്തിനും തനിക്കുമെതിരെ നടത്തിയ വിദ്വേഷ പോസ്റ്റുകളും വീഡിയോകളും കോടതി തെളിവായി സ്വീകരിക്കുകയായിരുന്നു. 2007 ല്‍ ബിഎസ് പി സ്ഥാനാര്‍ത്ഥിയായി വികാസ് നഗര്‍ മണ്ഡലത്തില്‍ മത്സരിച്ച അബ്ദുള്‍ ഖാദര്‍ തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രമേഷ് പൊഖ്രിയാല്‍ മുഖ്യമന്ത്രിയായിരിക്കെ മുസ്ലിം വിദ്യാഭ്യാസ മിഷന്റെ വൈസ് ചെയര്‍മാനായും ഖാദര്‍ പ്രവര്‍ത്തിച്ചിരുന്നു. കടുത്ത ബിജെപി പ്രവര്‍ത്തകനായ ഇദ്ദേഹത്തെയാണ് വിഎച്ച്പിയുടെ ഉപവിഭാഗമായ രുദ്രസേന മുസ്ലിം എന്ന പേരില്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. 

പുഷ്കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം സംസ്ഥാനത്ത് മുസ്ലിം വിരുദ്ധ നടപടികള്‍ വ്യാപകമായി വര്‍ധിച്ചിരുന്നു. ഉത്തരകാശി അടക്കമുള്ള ക്ഷേത്ര നഗരങ്ങളില്‍ നിന്ന് മുസ്ലിം വ്യാപാരികളെ നിര്‍ബന്ധിച്ച് കുടയിറക്കിയ സംഭവം രാജ്യമാകെ ചര്‍ച്ചയായിരുന്നു.

Exit mobile version