പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊന്ന പതിനാലുകാരനായ മകന്‍ പിടിയിൽ. ഹരിയാനയിലെ
ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് മുഹമ്മദ് അലീം (55) സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവര്‍ അജയ് നഗര്‍ പാര്‍ട്ട് 2ല്‍
വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് മുകളിലത്തെ നിയലിൽ നിന്ന് നിലവിളി കേട്ടു എന്നാണ് വീട്ടുടമസ്ഥന്‍ റിയാസുദ്ദീന്റെ മൊഴി. മുകളില്‍ എത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ടെറസില്‍ കയറി നോക്കിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കാണുന്നത്. റിയാസുദ്ദീനും അയല്‍വാസിയും ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കുമ്പോഴേയ്ക്കും അലീമിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഈ സമയം പതിനാലുകാരനായ മകന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് പിതാവ് വഴക്കു പറഞ്ഞതായി കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതില്‍ പ്രകോപിതനായ മകന്‍ പിതാവിന് തീകൊളുത്തുകയായിരുന്നു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.