Site iconSite icon Janayugom Online

കാമുകിയെ വിവാഹം കഴിക്കാൻ രണ്ടാം ഭാര്യ സമ്മതിച്ചില്ല; യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി, ഭർത്താവ് ഒളിവിൽ

കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ബിഹാറിലെ നളന്ദ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രതിയായ വികാസ് കുമാറിന്റെ രണ്ടാം ഭാര്യയായ സുനിത ദേവിയാണ് (30) കൊല്ലപ്പെട്ടത്. വികാസ് കുമാറുമായി അഞ്ച് വർഷം മുൻപാണ് സുനിതയുടെ വിവാഹം നടന്നത്. എന്നാൽ വികാസ് മുൻപ് ഒരു വിവാഹം കഴിച്ചിരുന്നെന്നും ആ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നുമുള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് സുനിതയുടെ പിതാവ് പറഞ്ഞു.

രണ്ടു കുട്ടികൾ പ്രസവസമയത്ത് മരണപ്പെട്ടതിനെ തുടർന്ന്, വികാസ് കാമുകിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതോടെ സുനിതയും വികാസും തമ്മിൽ വഴക്കുകൾ പതിവായി. പ്രശ്‌നങ്ങൾ രൂക്ഷമായതോടെ സുനിത സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ദുർഗാ പൂജയ്ക്ക് മുൻപായി വികാസ് സുനിതയെ വീട്ടിലെത്തി തിരികെ വിളിച്ചുകൊണ്ട് പോയി. എന്നാൽ, ശനിയാഴ്ച പുലർച്ചെ സുനിതയുടെ വീട്ടുകാരുടെ ഫോണിലേക്ക് ഒരു കോൾ എത്തുകയായിരുന്നു. വികാസ് തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരിക്കുകയാണെന്ന് സുനിത പറഞ്ഞു. പിന്നീട് അയാൾ പാചകവാതക സ്റ്റൗവിൻ്റെ വാൽവുകൾ തുറന്ന് ഗ്യാസ് ലീക്ക് ആക്കിയ ശേഷം തീ കൊളുത്തിയെന്നും താൻ രക്ഷപ്പെടില്ലെന്നും സുനിത ഫോണിലൂടെ അറിയിച്ചു. ഇതിനു പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയെന്ന് സുനിതയുടെ സഹോദരൻ പറഞ്ഞു.

വിവരം അറിഞ്ഞ് സുനിതയുടെ ബന്ധുക്കൾ ഗ്രാമത്തിൽ എത്തുമ്പോൾ വികാസ് കുമാറും കുടുംബവും മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ബന്ധുക്കൾ എത്തുന്നത് കണ്ടതോടെ വികാസും കുടുംബവും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ‘നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തി സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. പ്രതി വികാസ് കുമാറും അയാളുടെ കുടുംബവും ഒളിവിലാണ്,’ സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ പാണ്ഡെ അറിയിച്ചു.

Exit mobile version