ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട യുവാവ് പിടിയില്‍. ഭാര്യ താഹിറ(35), മക്കളായ ഷരീൻ(14), അഫ്രീൻ(6) എന്നിവരെയാണ് പ്രതി ഫാറൂഖ് കൊലപ്പെടുത്തിയത്. കാണാതായി ഒരാഴ്ചയ്ക്ക് ശേഷമാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. മൂന്നുപേരെയും കാണാതായ വിവരം ഗ്രാമത്തലവൻ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. പ്രതി ഫാറൂഖ് പൊലീസിന് മുന്നിൽ കുറ്റം സമ്മതിക്കുകയും മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.
ഫാറൂഖില്‍ നിന്ന് ഭാര്യ താഹിറ പണം ആവശ്യപ്പെട്ടത് തർക്കത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ ബുർഖ ധരിക്കാതെ താഹിറ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോയി. ബുർഖ ധരിക്കാതെ ഭാര്യ പുറത്തുപോയത് തന്റെ അഭിമാനത്തിന് മങ്ങലേൽപ്പിച്ചെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് അവരെ തിരികെ വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്നുമാണ് ഫാറൂഖ് മൊഴി നൽകിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

