പാലക്കാട് ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി(26) യെയാണ് ഭര്‍ത്താവ് ദീക്ഷിത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിതിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം വൈഷ്ണവിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ഉടന്‍ വൈഷ്ണവി മരിച്ചിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വൈഷ്ണവിയുടേത് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദീക്ഷിത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ശ്രീകൃഷ്ണപുരം പൊലീസ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലയ്ക്കല്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നര വര്‍ഷം മുന്‍പായിരുന്നു വൈഷ്ണവിയും ദീക്ഷിതും വിവാഹിതരായത്.

