ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി(90) അന്തരിച്ചു. 1934 മാര്‍ച്ച് 30‑നാണ് പണിക്കശ്ശേരി ജനിച്ചത്.അദ്ദേഹത്തിന്റെ നവതി ആഘോഷം കഴിഞ്ഞ മാര്‍ച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ ചരിത്രവും അധിനിവേശവുമെല്ലാം വിവരിക്കുന്ന 66 ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ഇപ്പോള്‍ പാഠപുസ്തകങ്ങളാണ്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.
മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956‑ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991‑ല്‍ അവിടെ നിന്ന് തന്നെ വിരമിച്ചത്. ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയയായിരുന്നു പണിക്കശ്ശേരി. നിരവധി വിദ്യാര്‍ഥികളാണ് ചരിത്ര സംബന്ധമായ സംശങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹത്തെ സമീപിക്കാറുള്ളത്. ഭാര്യ: റിട്ട. അധ്യാപിക വി.കെ. ലീല. മക്കള്‍: ചിന്ത, ഡോ. ഷാജി. വീണ. സംസ്‌കാരം ശനിയാഴ്ച.