Site iconSite icon Janayugom Online

ബംഗ്ലാദേശിന് ചരിത്രജയം

15 വര്‍ഷത്തിനിടെ കരീബിയന്‍ മണ്ണില്‍ ആദ്യടെസ്റ്റ് വിജയം നേടി ബംഗ്ലാദേശ്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയുമായ മത്സരത്തില്‍ 101 റണ്‍സിനാണ് ബംഗ്ലാദേശ് വിജയം. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1–1ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 185 റണ്‍സിന് പുറത്തായി. 55 റണ്‍സുമായി കവെം ഹോഡ്ജും 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെഗ് ബ്രാത്ത്‌വെയ്റ്റും മാത്രമേ അല്പമെങ്കിലും പൊരുതിയുള്ളു. ബംഗ്ലാദേശിനായി തയ്ജുള്‍ ഇസ്ലാം അഞ്ച് വിക്കറ്റ് നേടി. ഹസന്‍ മഹ്മൂദും ടസ്കിന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതവും നഹിദ് റാണ ഒരു വിക്കറ്റും നേടി.

18 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 268 റണ്‍സിന് പുറത്തായി. 91 റണ്‍സെടുത്ത ജാകര്‍ അലിയുടെ പ്രകടനമാണ് ബംഗ്ലാദേശിന് കരുത്തായത്. അല്‍സാരി ജോസഫാണ് ജാകര്‍ അലിയെ വീഴ്ത്തിയത്. എട്ട് ബൗണ്ടറികളും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സദ്മന്‍ ഇസ്ലാം (46), ഷഹദത്ത് ഹുസൈന്‍ (28), മെഹ്ദി ഹസന്‍ മിറസ് (42), ലിറ്റന്‍ ദാസ് (25) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസിനായി അല്‍സാരി ജോസഫും കെമര്‍ റോച്ചും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷമര്‍ ജോസഫ് രണ്ടും ജയ്ഡന്‍ സീല്‍സ്, ജസ്റ്റന്‍ ഗ്രീവ്സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സില്‍ 164 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി. 64 റണ്‍സെടുത്ത ഷദ്മാന്‍ ഇസ്ലാമാണ് ടോപ് സ്കോറര്‍. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ലീഡ് മോഹവുമായിറങ്ങിയ ആതിഥേയര്‍ 146 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 40 റണ്‍സെടുത്ത കെസി കാര്‍ട്ടി, 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടവര്‍. ബംഗ്ലാദേശിനായി നഹിദ് റാണ അഞ്ച് വിക്കറ്റ് നേടി.

Exit mobile version