സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രവിജയവുമായി കിവീസ്. ഇന്നിങ്സിനും 359 റൺസിനും ആതിഥേയരെ പരാജയപ്പെടുത്തിയ ന്യൂസിലൻഡ് എക്കാലത്തെയും വലിയ ടെസ്റ്റ് വിജയം സ്വന്തമാക്കി. സിംബാബ്‌വെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വലിയ തോല്‍വിയും വഴങ്ങി. സ്കോര്‍: സിംബാബ്‌വെ-125, 117. ന്യൂസിലാന്‍ഡ്-601/3 ഡിക്ലയേര്‍ഡ്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ എതിരാളികളെ കശക്കിയെറിഞ്ഞ് മികച്ച പ്രകടനം പുറത്തെടുത്ത സകറി ഫൗള്‍ക്‌സാണ് കിവീസിന്റെ വിജയശില്പി. രണ്ടാം ഇന്നിങ്സില്‍ ഫൗള്‍ക്‌സ് അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്റി രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
പുറത്താകാതെ 47 റണ്‍സ് നേടിയ നിക്ക് വെല്‍ഷ് ആണ് സിംബാബ്‌വെ നിരയില്‍ ടോപ്‌സ്കോറര്‍. 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ ആണ് പിന്നീട് രണ്ടക്കം കടന്നത്. 476 റണ്‍സിന്റെ ലീഡോടെയാണ് ന്യൂസിലാന്‍ഡ് ഡിക്ലയര്‍ ചെയ്തിരുന്നത്. ഓപണര്‍ ഡെവണ്‍ കോണ്‍വേ (153), ഹെന്റി നിക്കോള്‍സ് (150), രചിന്‍ രവീന്ദ്ര (165) എന്നിവർ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ സിംബാബ്‌വെ 28.1 ഓവറില്‍ ഓള്‍ഔട്ടായി.
കഴിഞ്ഞ ആഴ്ച ഇതേ വേദിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് ഒമ്പത് വിക്കറ്റിന് വിജയിച്ചിരുന്നു. പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലായിരുന്നു. അവസാന ആറ് ടെസ്റ്റുകളും സിംബാബ്‌വെ തോറ്റിട്ടുണ്ട്.

